WEDNESDAY, AUGUST 31, 2011
ഭീകരം ഈ ലാന്‍റിങ്
നമ്മുടെ വ്യോമയാന മേഖലയിലുള്ളവര്‍ക്ക് അല്‍പ്പം കൂടി പരിശീലനം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. വളരെ പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ ഉച്ചയ്ക്കു കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ക്ക് എന്ത് അവാര്‍ഡാണു നല്‍കേണ്ടതെന്നാണ് ആലോചിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാണെന്നു ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. വിമാനം കൊച്ചിക്കടുത്തെത്തിയപ്പോള്‍ തന്നെ എയര്‍ പോക്കറ്റുകളില്‍ വീഴാനും തുടങ്ങി. (അപൂര്‍വ്വമായുള്ള വിമാന യാത്രകളില്‍ അതിലും അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന എയര്‍പോക്കറ്റ് വീഴ്ച്കള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍. പണ്ട് പവ്വര്‍ ഗ്ലൈഡിങിനു പോയപ്പോഴുണ്ടായതിന്‍റെ ചെറിയൊരു ഫീലിങ് ഒരു സെക്കന്‍റ് നേരത്തേക്കാണെങ്കിലും അനുഭവിക്കാമല്ലോ.) ഒന്നോ രണ്ടോ എയര്‍ പോക്കറ്റുകളില്‍ വീണ് അങ്ങനെ മുന്നേറുമ്പോഴാണ്, "കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കു..." എന്നു പൈലറ്റ് പറഞ്ഞ് തീര്‍ക്കും മുന്‍പ് തന്നെ വിമാനമങ്ങു താഴേക്കു വീഴും പോലെ. ഒരു എട്ടോ ഒന്‍പതോ എയര്‍ പോക്കറ്റുകളില്‍ ഒരുമിച്ചു വീണാല്‍ എങ്ങനെ ഇരിക്കും, അതു പോലെ. ഏതായാലും ഉടന്‍ തന്നെ സംഭവം നിയന്ത്രണ വിധേയമായി. അടുത്ത സീറ്റിലിരുന്ന ഹോളന്‍ഡുകാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ കരച്ചിലിന്‍റെ വക്കിലെത്തി. ലണ്ടനില്‍ നിന്ന് വന്ന യുവതിയും അതേ നിലയില്‍ തന്നെയായി. കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായി. അല്‍പ്പനേരത്തേക്കു വിട്ടു പോയ നിയന്ത്രണം തിരികെ ലഭിക്കാന്‍ ഏതാനും സെക്കണ്ടുകള്‍ കൂടി വൈകിയെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു വിന്‍ഡോ മീറ്റില്‍ ഇരുന്നവര്‍ക്ക് കൃത്യമായി തന്നെ മനസ്സിലായി.
അല്‍പ്പ സമയം കൂടി ആടിയുലഞ്ഞ ശേഷം ഒന്നു രണ്ട് എയര്‍പോക്കറ്റുകളില്‍ കൂടി മാത്രം വീണ വിമാനം പത്തു മിനിറ്റിലേറെ വീണ്ടും മുകളില്‍ വട്ടമിട്ടു പറന്ന ശേഷം കൊച്ചിയില്‍ ഇറങ്ങി.
അമേരിക്കയില്‍ വെച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍ പെട്ടപ്പോഴായിരുന്നു മുന്‍പൊരിക്കല്‍ സമാനമായ അനുഭവം ഉണ്ടായതെന്നായിരുന്നു ഒരു ടൂറിസ്റ്റിന്‍റെ പ്രതികരണം. നെടുമ്പാശ്ശേരിയില്‍ നൂറിലധികം തവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യം എന്ന് മറ്റു ചിലര്‍. ഇത്ര റിസ്ക്കായിരുന്നു എങ്കില്‍ എന്തിനു ലാന്‍റിങ് അനുവദിച്ചു എന്നായിരുന്നു പലരും ചോദിച്ചു കൊണ്ടിരുന്നത്. ഇന്നലെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന പല ഫ്ലൈറ്റുകളും തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ട സാഹചര്യത്തില്‍ എന്തിനായിരുന്നു ഈയൊരു വിമാനം റിസ്ക്കെടുത്തെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിച്ചത്? പ്രത്യേകിച്ചും ഒരപകടം ഉണ്ടായി 48 മണിക്കൂര്‍ പോലും കഴിയാത്ത സാഹചര്യത്തില്‍.
സര്‍വ്വീസുകള്‍ കൃത്യമായി നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണെന്ന് ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടോ?
എം. സ്മിതി
31-08-2011
No comments:
Post a Comment