Thursday, August 16, 2012

കുത്തുപാളയെടുക്കുന്ന താരങ്ങള്‍

 സാമാന്യം നല്ല രീതിയില്‍ ജീവിച്ചിരുന്ന ചിലരെങ്കിലും വളരെ വേഗത്തില്‍ കടക്കെണിയിലാകുന്നതിന്റെ വാര്‍ത്തകള്‍ ഇടയ്ക്കൊക്കെ കേള്‍ക്കാറുണ്ട്. സെലബ്രിറ്റികളുമായി ബന്ധപ്പെട്ടാണിതെങ്കില്‍ ഏറെ വാര്‍ത്താ പ്രാധാന്യവും ലഭിക്കും.  സാമ്പത്തികാസൂത്രണത്തിന്റെ കാര്യത്തില്‍ വരുത്തുന്ന അലംഭാവം ഒന്നു മാത്രമാണു പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇന്നു ലഭിക്കുന്ന അതേ രീതിയിലോ അതിലേറെയോ വരുമാനം വരും നാളുകളിലും ലഭിച്ചു കൊണ്ടേയിരിക്കും എന്നവര്‍ വിശ്വസിച്ചു പോകും. അതിനിടെ പുതിയ എന്തെങ്കിലും പ്രൊജക്ടുകള്‍ ആരംഭിക്കുമ്പോള്‍ അതിലുള്ള റിസ്ക്കിനെക്കുറിച്ച് അറിയാമെങ്കിലും ആ റിസ്ക്ക് ഉണ്ടായാല്‍ എങ്ങനെ മറി കടക്കും എന്ന കാര്യത്തില്‍ പ്രായോഗികമായ ആലോചനയൊന്നും അവര്‍ക്കുണ്ടാകില്ല.

Saturday, June 16, 2012

നൂറിന്റെ പ്രശ്നങ്ങള്‍


    അടുത്തിടെ കേരളത്തില്‍ വെച്ച്, കൃത്യമായി പറഞ്ഞാല്‍ എറണാകുളത്തു വെച്ച് പൊലിസില്‍ ഒരു വിവരം വിളിച്ചറിയിക്കേണ്ട സാഹചര്യമുണ്ടായി. വേറൊന്നും ആലോചിക്കേണ്ടതില്ലല്ലോ. കയ്യിലിരുന്ന മൊബൈല്‍ എടുത്ത് 100 ഡയല്‍ ചെയ്തു. കിട്ടുന്നില്ല. എന്തെങ്കിലും നെറ്റ് വര്‍ക്ക് തകരാറായിരിക്കുമെന്നു കരുതി. നാലഞ്ചു തവണയായപ്പോള്‍ മനസ്സിലായി 100 എന്ന നമ്പറിലേക്ക് ഫോണ്‍ പോകില്ലെന്ന്.
എന്തായാലും കയ്യിലുള്ള തമിഴ്നാട് നമ്പറില്‍ നിന്നായി അടുത്ത ശ്രമം. അതും കിട്ടുന്നില്ല. ഇനി കൂടെയുള്ള സുഹൃത്തിന്റെ മറ്റൊരു മൊബൈല്‍  കമ്പനിയുടെ കണക് ഷനില്‍ നിന്നായി ശ്രമം. തഥൈവ.  അദ്ദേഹത്തിന്റെ തന്നെ മറ്റൊരു മൊബൈലില്‍ നിന്നു മറ്റൊരു ശ്രമം നടത്തി നോക്കി 100 ഡയല്‍ ചെയ്യുന്നതിനു പകരം 101 ഡയല്‍ ചെയ്തു നോക്കി. ഭാഗ്യം ബെല്ലടിക്കുന്നുണ്ട്. പക്ഷേ പല തവണ റിംഗ് പോയ ശേഷവും എടുക്കുന്നില്ല.
    പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ചില മൊബൈല്‍ കമ്പനികളില്‍ നിന്നു മാത്രമേ 100 ഡയല്‍ ചെയ്താല്‍ എപ്പോഴും കൃത്യമായി കണക് ഷന്‍ ലഭിക്കൂ. മറ്റു ചില കമ്പനികളുടെ കണക് ഷനില്‍ നിന്നാണെങ്കില്‍ ചില സ്ഥലങ്ങളില്‍ 100 ഡയല്‍ ചെയ്താല്‍ ലഭിക്കും. എല്ലാ മൊബൈലുകളിലും നിന്നു പൊലിസിനെ വിളിക്കണമെങ്കില്‍ ഏതെങ്കിലും സ്റേഷന്റെ ലാന്റ് ലൈന്‍ സംഘടിപ്പിച്ചു വിളിച്ചാല്‍ തീര്‍ച്ചയായും കിട്ടും. അല്ലെങ്കില്‍ ഹൈവേ പൊലിസോ അതു പോലെ ഏതെങ്കിലും മൊബൈല്‍ നമ്പറോ ഉള്ളവരെ വിളിക്കണം.
എന്തെങ്കിലും അത്യാവശ്യ സാഹചര്യത്തില്‍ പൊലിസിനെ വിളിക്കേണ്ടി വരുന്നവര്‍ക്ക് ഇത്തരം നമ്പറുകളൊന്നും കൈവശമിലെങ്കില്‍  എന്തു ചെയ്യും?

Monday, April 23, 2012

അക്ഷയ ത്രിതീയയെ വിമര്‍ശിക്കുന്നത് വിവരദോഷികളും അസൂയക്കാരും മാത്രം

കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയയ്ക്ക് അര ഗ്രാം സ്വര്‍ണം വാങ്ങിയതിന്റെ ഗുണഫലങ്ങള്‍ സ്വപ്നം കണ്ടതിനും അപ്പുറമായിരുന്നു. എന്തിനാണിതെക്കുറിച്ചു പറയുന്നതെന്നോ? ഈ വര്‍ഷത്തെ അക്ഷയ ത്രിതീയ അടുത്തു വന്നതോടെ അതിനെ വിമര്‍ശിച്ച് എത്രയേറെ പേരാണു രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അവരുടെ വായടപ്പിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് ഇവയെല്ലാം എഴുതാമെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ നാളില്‍ വളരെ തിരക്കുള്ള ഒരു കടയില്‍ പോയാണു ഞാന്‍ അര ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയം വാങ്ങിയത്. എനിക്കു തന്നെ യാതൊരു വിശ്വാസവും ഇല്ലാതെയാണതു വാങ്ങിയത്. എങ്കിലും എല്ലാവരും പറയുന്നതല്ലേ, ഒന്നു വാങ്ങിക്കളയാം എന്നു കരുതി അര ഗ്രാം വാങ്ങുകയായിരുന്നു. അതു വരെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലും ഉണ്ടായിരുന്നില്ല. അത്ര ദയനീയ അവസ്ഥയായിരുന്നു അവിടെ.
അല്‍ഭുതമെന്നു പറയട്ടെ, മിക്കവാറും നിങ്ങള്‍ വിശ്വസിക്കില്ല. അക്ഷയ ത്രിതീയ നാളില്‍ ആരോടും പറയാതെ അല്‍പ്പം പണം കൊണ്ടു പോയി അര ഗ്രാം സ്വര്‍ണവുമായി വീട്ടില്‍ എത്തിയപ്പോഴുണ്ട്, ഭാര്യ ഒരു ഗ്രാമിന്റെ ഒരു തനി തങ്ക നാണയവുമായി വീട്ടിലേക്കു വരുന്നു. ഭാഗ്യം കടന്നു വരാന്‍ തുടങ്ങുകയാണെന്ന് അപ്പോഴും എനിക്കു മനസ്സിലായില്ലായിരുന്നു. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എനിക്ക് അന്നു തന്നെ അതിന്റെ ഇരട്ടി അളവില്‍ തനി തങ്കം കിട്ടുകയെന്നു പറഞ്ഞാല്‍ അനുഗ്രഹം തന്നെയല്ലേ? അന്നെനിക്കതിന്റെ ശക്തി മനസ്സിലാക്കാനായില്ല. പക്ഷേ, വീണ്ടും അനുഭവങ്ങള്‍ എന്നെ തേടിയെത്തി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ബാങ്ക് ലോക്കര്‍ തുറക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി ബ്രാഞ്ച് മാനേജര്‍ വന്ന് എന്നോട് പറയുകയാണ്, ഇപ്പോള്‍ പണം കൊടുക്കാതെ സ്വര്‍ണ നാണയം വാങ്ങാനുള്ള പുതിയ പദ്ധതി അന്നു ലോഞ്ചു ചെയ്യുകയാണെന്ന്. ആദ്യ ദിനം തന്നെ ഞാന്‍ പത്തു പവന്റെ നാണയങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കി. നോക്കണേ, ഭാഗ്യം വന്ന വരവ്. അര പവനില്‍ നിന്ന് പതിനൊന്നര പവനിലേക്ക് വെറും ഒരു മാസം മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ക്ളബ്ബിലേക്കു പോകും വഴി പ്രമുഖ ജുവല്ലറിയുടെ പുതിയ ബ്രാഞ്ചിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നത്. എന്തായാലും അവിടെ ഒന്നു കയറി നോക്കിയപ്പോള്‍ പുതിയ നിരവധി ഓഫറുകള്‍. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നു കൊണ്ടു വന്ന കുറേ പുതിയ പീസുകളുണ്ടത്രേ. അതും വാങ്ങി കുറെയെണ്ണം. നോക്കൂ. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എന്റെ വീട്ടില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണമായി എന്ന്.
ഇതിനു മുന്‍പുള്ള രണ്ട് അക്ഷയ ത്രിതീയ നാളുകളിലും രാവിലെ തന്നെ കടയില്‍ പോയി സ്വര്‍ണം വാങ്ങിയപ്പോഴും എനിക്ക് ഇതേ പോലെ ഐശ്വര്യം
അടിവെച്ചടി വെച്ച് കയറുന്ന അനുഭവങ്ങളാണുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അക്ഷയ ത്രിതീയ നാളില്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിയ എനിക്ക് സര്‍ക്കാര്‍ ലോട്ടറിയുടെ സ്വര്‍ണ സമ്മാനം തന്നെയാണു ലഭിച്ചത്. അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ എന്റെ അയല്‍വാസിയോടും അന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസമില്ലാത്ത ആ കക്ഷി എന്നെ പരിഹസിച്ചു. കിട്ടേണ്ടതവനു കിട്ടുകയും ചെയ്തു. അവന്‍ ഒരു ലോട്ടറി ടിക്കറ്റെടുക്കാനായി പുറത്തിറങ്ങിയ ദിവസമാണ് ആ ലോട്ടറി വിവാദം ഉണ്ടാകുകയും കേരള സര്‍ക്കാര്‍ കുറെ ലോട്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്തത്.
എന്തായാലും അക്ഷയ ത്രിതീയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എനിക്ക് ഐശ്വര്യങ്ങളുടെ കാലം തന്നെയായിരുന്നു. സ്വര്‍ണ നാണയങ്ങള്‍ ഓരോ ദിവസവും എന്ന പോലെ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റിസര്‍വ്വ് ബാങ്കിന്റെ ലോട്ടറി എനിക്കു കിട്ടിയത്. സ്വര്‍ണ നാണയങ്ങള്‍ പണയം വെക്കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഇനി അവ തല്‍ക്കാലത്തേക്ക് എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പായി. പണയം വെക്കാന്‍ ചെന്നാല്‍ ബാങ്കുകാരും ഫിനാന്‍സുകാരും എടുക്കില്ല. വില്‍ക്കാമെന്നു കരുതിയാല്‍ അതു വിറ്റവരാരും തിരിച്ചെടുക്കില്ല. വല്ല ജുവല്ലറിയിലും ചെന്നാല്‍ അവരതു മാറ്റി മാലയോ വളയോ അരഞ്ഞാണമോ ആക്കി തരും. പണിക്കൂലിയും കൈമാറ്റ കൂലിയും വാങ്ങമെന്നു മാത്രം. എന്തായാലും തല്‍ക്കാലം ഈ ഐശ്വര്യമെല്ലാം ഇനി എന്റെ കയ്യില്‍ തന്നെ ഇരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തൊരിടത്തു കള്ളന്‍ കയറി. സേഫെല്ലാം പൊളിച്ചിട്ടും ആ കള്ളന്‍ അതിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങളൊന്നും എടുത്തില്ലത്രേ. കാരണം, ഗൃഹനാഥന്‍ ത്രിതീയ നാളില്‍ വാങ്ങിയതായിരുന്നു അവയെല്ലാം. നല്ല നാള്‍ നോക്കാതെ വാങ്ങിയിരുന്ന ഒരു ചെറിയ മോതിരം അതിന്റെയെല്ലാം കൂട്ടത്തിലൂണ്ടായിരുന്നു. അതു മാത്രം കള്ളന്‍ എടുത്തു കൊണ്ടു പോയത്രെ. ഈ അനുഭവം അറിയുമ്പോഴെങ്കിലും ഈ അവിശ്വാസികള്‍ പഠിക്കുമോ ആവോ?
എന്തായാലും നാളെ രാവിലെ തന്നെ പത്തു കടകളില്‍ പോയി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ ഞാനും എന്റെ കുടുംബവും തയ്യാറായിരിക്കുകയാണ്. വിശ്വാസമുണ്ടെങ്കില്‍ നിങ്ങളും നാളെ രാവിലെ തന്നെ പോയി ഒരു സ്വര്‍ണ നാണയമെങ്കിലും വാങ്ങൂ. അതിന്റെ ഗുണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

Wednesday, April 4, 2012

കടത്തില്‍ നിന്നു കര കയറാന്‍

കടുത്ത സാമ്പത്തിക പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു കടന്നു പോയത്. എന്നാല്‍ വരാനിരിക്കുന്നത് പ്രതീക്ഷയുടെ നാളുകളാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും പുതിയ സാമ്പത്തിക വര്‍ഷത്തിലെങ്കിലും മെച്ചപ്പെട്ട ഒരു സാമ്പത്തികാസൂത്രണവും സാമ്പത്തിക മാനേജുമെന്റും നടപ്പാക്കുന്നതിന് ഇപ്പോഴേ തയ്യാറാടുക്കുന്നതു നന്നായിരിക്കും. കാരണം കഴിഞ്ഞ വര്‍ഷം അടിക്കടിയുണ്ടായാ പലിശ നിരക്കിലെ വര്‍ദ്ധന സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിയാകെ പരുങ്ങലിലാക്കിയിരുന്നു.
ഏതെങ്കിലുമിനത്തില്‍ ഒരു ബാങ്ക് വായ്പയെങ്കിലും എടുത്തിട്ടില്ലാത്തവരിന്ന് വളരെ ചുരുക്കമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് മൂന്നു ശതമാനമെങ്കിലും പലിശ നിരക്കിലെ വര്‍ദ്ധന അനുഭവിച്ചറിഞ്ഞ ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും തങ്ങളകപ്പെട്ട ഈ കടക്കെണിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗമന്വേഷിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തിക സ്ഥിതിഗതികള്‍ പഴയ പടിയിലെത്താന്‍ കുറച്ചു കാലം പിടിക്കും. അതു കൊണ്ടു തന്നെ മോശമവസ്ഥ മുന്നില്‍ കണ്ട് അല്‍പ്പം കരുതല്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Saturday, March 17, 2012

സംസാരിക്കുവാന്‍ ഭാഷ ആവശ്യമാണോ?

ഏതാനും ദിവസം മുന്‍പ് ഓഫിസില്‍ എന്റെ മുറിയിലിരുന്ന് അത്യാവശ്യമായി ഒരു റിപ്പോര്‍ട്ടു തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ശങ്കരനും കുമാറും അപ്പുറത്തെ മുറിയിലിരുന്നു പരസ്പരം ഗെറ്റൌട്ട് അടിക്കുന്നു. ആദ്യം ഞാന്‍ അതു ഗൌനിച്ചില്ല. കുട്ടികളൊന്നുമല്ലല്ലോ, പ്രായപൂര്‍ത്തിയായവരും ജോലിക്കാരുമാണല്ലോ- സ്വയം തര്‍ക്കം തീര്‍ത്തേക്കുമല്ലോ എന്നു വിചാരിച്ചു. എന്തായാലും മൂന്നാം തവണയും പരസ്പരം ഗെറ്റൌട്ട് അടിക്കുമ്പോള്‍ ഇടപെടാതിരിക്കുന്നതെങ്ങനെ. പതിയെ മുറിക്കു പുറത്തു ചെന്നപ്പോള്‍ രണ്ടു പേരും നല്ല ജോളിയായി നിന്നു വീണ്ടും ഗെറ്റൌട്ടടി തുടരുകയാണ്.
കാര്യമെന്തെന്ന് അന്വേഷിക്കുമ്പോഴാണു സംഗതി മനസ്സിലാകുന്നത്. ഭക്ഷണം കഴിക്കാനായി അടുത്തുള്ള മണികണ്ഠന്‍ ഹോട്ടലില്‍ പോകണോ അതോ രുചി ഹോട്ടലില്‍ പോകണോ എന്നു ചര്‍ച്ച ചെയ്യുകയാണു രണ്ടു പേരും. എന്തായാലും പുറത്തു പോയ ശേഷം തീരുമാനിക്കാം. ഇപ്പോള്‍ പുറത്തു പോകാം എന്നതിന്റെ ഇംഗ്ളീഷ് ഗെറ്റൌട്ട് എന്നാണെന്ന് അവര്‍ രണ്ടു പേരും എവിടെയോ നോക്കി കണ്ടു പിടിച്ചിരുന്നു. ആഗ്യ ഭാഷയ്ക്കു പകരം ഇംഗ്ളീഷ് പ്രയോഗിക്കുകയായിരുന്നു അവര്‍.
കുമാര്‍ ബീഹാറില്‍ നിന്നു വന്ന് അടുത്തിടെ ജോലിയില്‍ പ്രവേശിച്ചതാണ്. ഭോജ്പൂരിയാണ് നന്നായി അറിയാവുന്ന ഭാഷ. ഹിന്ദി പഠിച്ചു വെച്ചിട്ടുണ്ട്. തമിഴും മലയാളവും കേട്ടാല്‍ ഒരേ ഭാഷ തന്നെയല്ലേ എന്നു ചോദിക്കും. ശങ്കരനാണെങ്കില്‍ തമിഴല്ലാതെ മറ്റൊരു ഭാഷയും വശമില്ല. ഇപ്പോള്‍ രണ്ടു പേരും ഇംഗ്ളീഷിലാണു പരസ്പരം സംസാരിക്കുന്നത്. രണ്ടു പേര്‍ക്കും ഇംഗ്ളീഷ് അറിയില്ലെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ. ഇവരുടെ ഗെറ്റൌട്ട് കേട്ടപ്പോള്‍ നിത്യ ചൈതന്യ യതി ഗെറ്റൌട്ട് ഓഫ് ഇറ്റിനെക്കുറിച്ച് എഴുതിയതാണ് ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ ആതിഥേയന്‍ ഗെറ്റൌട്ട് ഓഫ് ഇറ്റ് എന്നു പറഞ്ഞപ്പോള്‍ തന്നെ പുറത്താക്കുകയാണെന്നു കരുതി യതി താമസ സ്ഥലം വിട്ടു പുറത്തു പോയി രാത്രി തണുപ്പത്തിരുന്നു. പിറ്റേന്നാണത്രേ യതിക്കു കാര്യം മനസ്സിലായത്.
ഇടക്കൊക്കെ കുമാറും ശങ്കരനും ചേര്‍ന്ന് എന്റെ മുറിയിലേക്കു വരും. ആശയ വിനിമയത്തിനിടയിലെ ആശയക്കുഴപ്പം തീര്‍ക്കാനായി. ഒരാള്‍ തമിഴിലും മറ്റേയാള്‍ ഭോജ്പൂരി കലര്‍ന്ന ഹിന്ദിയിലും എന്നോടു സംസാരിച്ച ശേഷം അടുത്തയാള്‍ക്കു വേണ്ടി അതു തര്‍ജുമ ചെയ്യാനാവശ്യപ്പെടും. തമിഴും ഭോജ്പൂരിയും അറിയാത്ത ഞാനതു രണ്ടു പേര്‍ക്കും വേണ്ടി പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യും! ഏതു ഭാഷയിലാണു ഞാന്‍ സംസാരിക്കുന്നതെന്നു മാത്രം ചോദിക്കരുത്.
ഇതെല്ലാം കേട്ട് സംസാരിക്കാന്‍ ഭാഷയെന്തിന് എന്ന ചോദ്യവുമായി ഇരിക്കുമ്പോഴാണ് തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ബിസിനസ് ചെയ്യുന്ന ഡയാനയുടെ കഥ അറിഞ്ഞത്. ഡയാന ഒരു ബന്ധുവിനോടൊപ്പം തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി പോയതാണ്. ബന്ധു
ബിസിനസ് തിരക്കുകളിലായപ്പോള്‍ അവിടെയുള്ള ചിലരുമായി ഡയാന വാചകമടിച്ചു സമയം കളഞ്ഞു. ഡയാനക്കാണെങ്കില്‍ മലയാളത്തിനു പുറമേ അറിയാവുന്നത് ഇംഗ്ളീഷ് മാത്രം. ഈ ഇംഗ്ളീഷുമായി പോയാല്‍ ലോകത്തെവിടെയും പിടിച്ചു നില്‍ക്കാമെന്നായിരുന്നു ഡയാന കരുതിയിരുന്നത്. അവിടെയുള്ളവര്‍ ഇംഗ്ളീഷിന്റെ എ ബി സി ഡി പോലും അറിയാത്തവരാണെന്നറിഞ്ഞിട്ടും ഡയാന പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. ആംഗ്യഭാഷയും പണ്ടു സ്ക്കൂളില്‍ പഠിച്ച നൃത്തവുമെല്ലാം പയറ്റി ഒരു ലാപ്പ്ടോപ്പ് കൊണ്ടുവരാന്‍ ആവശ്യപ്പെടുവാന്‍ ഡയാനയ്ക്കു കഴിഞ്ഞു.
ഇന്റര്‍നെറ്റില്‍ പോയി ചില ട്രാന്‍സുലേഷന്‍ സൈറ്റുകളെടുത്തായി ഡയാനയും തദ്ദേശവാസികളും തമ്മിലുള്ള സംസാരം. ഡയാനയ്ക്കു പറയാനുള്ളത് ഓണ്‍ലൈന്‍ ട്രാന്‍സുലേഷന്‍ സൈറ്റില്‍ അടിച്ചു കൊടുക്കും. അതു പോര്‍ച്ചുഗീസ്, സ്പാനീഷ് ഭാഷകളിലേക്കു മാറ്റി അവിടെയുള്ളവര്‍ മനസ്സിലാക്കും. തിരിച്ച് പറയാനുള്ളത് അതേ രീതിയില്‍ തന്നെ അവര്‍ ഇംഗ്ളീഷിലേക്കും മാറ്റും. ഒടുവില്‍ എന്തു സംഭവിച്ചെന്നോ? സംസാരം ബിസിനസിലേക്കു തിരിഞ്ഞു. ബ്രസീലില്‍ നിന്നു ലക്ഷങ്ങളുടെ ബിസിനസ് ഓര്‍ഡറുമായാണ് ഡയാന വിനോദയാത്രയും കഴിഞ്ഞ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുപയോഗിച്ച് കയറ്റുമതി അധിഷ്ഠിത ബിസിനസ് തകര്‍ത്തു മുന്നേറുന്നു. ഈ ബിസിനസിനെക്കുറിച്ചു തന്നെ കുറേ ഏറെ പറയാനുണ്ട്. പക്ഷേ, ഞാനുമായി തീവ്ര പ്രണയത്തിലുള്ളൊരു ജേണലിസ്റ് അതേക്കുറിച്ചൊരു സ്റോറി പ്ളാന്‍ ചെയ്യുന്നതിനാല്‍ അതേക്കുറിച്ചെഴുതുന്നില്ല.
ഭാഷയറിയാതെ സംസാരിക്കുന്നത് എന്തായാലും ഡയാനയുടെ അനുഭവത്തിലൂടെയല്ല ഞാന്‍ ആദ്യമായി അറിഞ്ഞത്. കുസാറ്റില്‍ എന്നെ ജപ്പാനീസ് 'ഭാഷ പഠിപ്പിക്കാന്‍ ശ്രമിച്ച' പീറ്റര്‍ സാങ് ജപ്പാനില്‍ പോയ കഥകളുടെ കൂട്ടത്തിലും ഇങ്ങനെയൊന്നു കേട്ടിരുന്നു. അക്കാലത്ത് എന്തായാലും നെറ്റും മൊബൈലുമൊന്നുമില്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ ട്രാന്‍സുലേഷന്‍ സൈറ്റുകളുടെ കാര്യം ആലോചിക്കുക പോലും ചെയ്യേണ്ടി വന്നില്ല. വിദേശികളായ ഇന്ത്യക്കാരും ചൈനക്കാരുമെല്ലാം ഒരുമിച്ചായിരുന്നു അവിടെ താമസം. ചൈനക്കാര്‍ക്ക് ഇംഗ്ളീഷുമറിയില്ല ജാപ്പനീസുമറിയില്ല. പീറ്റര്‍ സാങ് അടക്കമുള്ള ഇന്ത്യക്കാര്‍ക്കു ചൈനീസുമറിയില്ല. പക്ഷേ ജാപ്പനിസറിയാം. അതുണ്ടോ ചൈനക്കാര്‍ക്കു ദഹിക്കുന്നു. ഒടുവിലവര്‍ കണ്ടുപിടിച്ചു. ജാപ്പനീസ് ചിത്ര ലിപിയായ കാഞ് ഞ്ചിയും ചൈനീസ് ചിത്ര ലിപിയും ഏതാണ്ട് ഒന്നു തന്നെ. അതായത് ചായ കുടിക്കാം എന്നു ജാപ്പാനീസ് ചിത്ര ലിപിയില്‍ എഴുതിയാല്‍ ചൈനീസ് ചിത്ര ലിപിയില്‍ ചായ കുടിക്കാം എന്ന് എഴുതുമ്പോള്‍ ലഭിക്കുന്ന 'ചിത്രങ്ങള്‍' തന്നെയാണു ലഭിക്കുക! ആനന്ദ ലബ്ദിക്കിനിയെന്തു വേണം? മെസ്സിലേക്കു പോകുമ്പോള്‍ കുറച്ചു കടലാസും പേനയും എടുത്താല്‍ ചൈനക്കാരുമായുള്ള ആശയവിനിമയം ഓക്കേ. പക്ഷേ, സംസാരിക്കാമെന്നു വെച്ചാല്‍ സ്വാഹാ.

Sunday, February 26, 2012

മാന്ദ്യകാലത്തെ വരവു ചെലവു കണക്കുകള്‍

ഏതാനും വര്‍ഷം മുന്‍പ് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയ കാലം നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടോ? സാമ്പത്തിക മാന്ദ്യമെന്നത് പുസ്തകങ്ങളിലും മറ്റും മാത്രം കാണുന്ന എന്തോ ഒന്നാണെന്നും യഥാര്‍ത്ഥ ലോകത്ത് അവയൊന്നും ഉണ്ടാകാനേ പോകുന്നില്ല എന്നായിരുന്നു സാമ്പത്തിക ശാസ്ത്രം പഠിച്ചവര്‍ പോലും അതുവരെ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നത്. മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയപ്പോഴോ? അതൊക്കെ വന്‍ ശക്തികളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നും നമ്മെപ്പോലുള്ള സാധാരണക്കാരെയൊന്നും ബാധിക്കില്ല എന്നുമായി ചിന്ത. ഒടുവില്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ അതിന്റെ ആഘാതങ്ങള്‍ ഏറ്റു തുടങ്ങിയപ്പോഴാണ് സംഗതി സത്യമാണെന്നു പലര്‍ക്കും മനസ്സിലായത്. വന്‍ ബിസിനസുകാര്‍ക്കു മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവര്‍ക്കും അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നതാണു സത്യം.
എന്തൊക്കെയായാലും മാന്ദ്യത്തിന്റെ ഫലമായി ക്രിയാത്മകമായ ഒരു മാറ്റമുണ്ടായി. ചെലവിന്റെ കാര്യത്തില്‍ യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാതെ മുന്നോട്ടു പോയിരുന്ന പുതിയ തലമുറയുടെ ആ ചിന്താഗതിക്ക് ഒരു മാറ്റം വരുത്താന്‍ മാന്ദ്യത്തിനു കഴിഞ്ഞു. വരവിനനുസരിച്ച് മാത്രം ചെലവിടണം എന്നത് ആര്‍ക്കും പ്രത്യേകിച്ചു പറഞ്ഞു കൊടുക്കേണ്ട കാര്യമൊന്നുമല്ല. പക്ഷേ, നമ്മുടെ യുവ തലമുറ കഴിഞ്ഞ കുറെ നാളുകളായി എങ്ങനെയായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്? വരവിനെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാത്ത രീതിയില്‍ ഒഴിവാക്കാനാവുന്ന കാര്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ലാതെ ചെലവിട്ടായിരുന്നു അവര്‍ മുന്നേറിയിരുന്നത്.
ഇതിനെല്ലാം എവിടെ നിന്നു പണം ലഭിക്കുന്നു എന്നു ചിന്തിച്ചാല്‍.......
വായ്പ നല്‍കാന്‍ ഒരു മടിയുമില്ലാതെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്യൂ നില്‍ക്കുകയായിരുന്നല്ലോ. ഇവ പ്രയോജനപ്പെടുത്തിയവര്‍ പലരും എങ്ങനെ തിരിച്ചടക്കും എന്നു ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും വരവിന് അനുസൃതമായി മാത്രം ചെലവഴിക്കുക എന്നത് ഇന്നു യുവ തലമുറയും അംഗീകരിച്ചു കഴിഞ്ഞു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം വായ്പകള്‍ക്കു പിന്നാലെ പോകുക എന്നതാണിന്ന് പലരുടേയും ചിന്താഗതി.



സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവെയ്പ്പാണ് ഇങ്ങനെ വരവിന് അനുസൃതമായി മാത്രം ചെലവു നടത്തുന്ന ശീലം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നാവും ningngaള്‍ ഇപ്പോള്‍ ചോദിക്കുക. കയ്യില്‍ പണമുണ്ടങ്കിലല്ലേ ചെലവു നടത്താനാവൂ എന്നും ചോദിച്ചേക്കാം. ശരിയാണ്. പക്ഷേ, ഇവിടെ നാം പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വശമുണ്ട്.
വരവിനനുസരിച്ചു മാത്രം ചെലവു നടത്താന്‍ തങ്ങള്‍ മിടുക്കരാണ് എന്നാവും പലരുടേയും വിശ്വാസം. ഹൃസ്വകാലാടിസ്ഥാനത്തിലെ ചെലവുകളുടെ കാര്യത്തില്‍ ഇതു ശരിയുമായിരിക്കും. എന്നാല്‍ കൂടുതല്‍ പ്രധാനപ്പെട്ട ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോഴോ? ആരും അതു ചെയ്യാറില്ല എന്നതാണു സത്യം. ഇനി അങ്ങനെ വിലയിരുത്തിയാല്‍ പലരുടേയം പാളിച്ചകള്‍ കണ്ടെത്താനും കഴിയും.
വായ്പകളുടെ കാര്യത്തിലാണ് പലര്‍ക്കും അബദ്ധം സംഭവിക്കുന്നത്. ഹൌസിങ് ലോണ്‍ അടക്കമുള്ള വായ്പകള്‍ക്കായി വരുമാനത്തിന്റെ 50 ശതമാനം വരെ മാറ്റി വെക്കാമെന്നു പലരും ചിന്തിക്കും. അതിലത്ര തെറ്റുമില്ലല്ലോ. പക്ഷേ, വരും വര്‍ഷങ്ങളിലെക്കാര്യമോ? ഇപ്പോഴുള്ള ബാധ്യതകളാവില്ല നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ സ്ക്കൂളില്‍ പഠിക്കുന്ന മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജിലെത്തുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന ചെലവുകള്‍ എത്രയെന്ന് ഊഹിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ശമ്പളത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഇന്‍ക്രമെന്റ് ആ വര്‍ദ്ധിച്ച ചെലവിനെ നേരിടാന്‍ പര്യാപ്തമാകില്ല. അവയെക്കെല്ലാം വേണ്ടി പിന്നീട് മറ്റു വായ്പകള്‍
അന്വേഷിക്കേണ്ടി വരും. അവ തിരിച്ചടക്കുന്നതെങ്ങിനെ? ഇതേക്കുറിച്ചെല്ലാം കണക്കു കൂട്ടല്‍ നടത്തിയിട്ടു വേണം ഇപ്പോള്‍ ഒരു ഭവന വായ്പ തേടാന്‍.
അതു പോലെ തന്നെയാണ് വീട്ടുപകരണങ്ങളും മറ്റും വാങ്ങുന്ന കാര്യം. പത്തു മാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ തവണകളായി അടച്ചു തീര്‍ക്കാവുന്ന രീതിയില്‍ പലരും ഇവയെല്ലാം വാങ്ങും. വരുന്ന മൂന്നു നാലു മാസം അല്‍പ്പം അഡ്ജസ്റു ചെയ്ത് കൂടുതല്‍ പണം ഇവയുടെ തിരിച്ചടവിനായി കണ്ടെത്താമെന്ന കണക്കു കൂട്ടലായിരിക്കും പലര്‍ക്കും ഉണ്ടാകുക. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതു സാധ്യമാകില്ല. ഫലമോ? ബാധ്യതകള്‍ വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും.
വരവിനനുസരിച്ച് ചെലവഴിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ നിങ്ങളറിയാതെ തന്നെ അട്ടിമറിക്കാന്‍ വായ്പകള്‍ക്കു കഴിയും എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ കൈക്കൊണ്ടാല്‍ പിന്നീടുള്ള സാമ്പത്തിക ആസൂത്രണം വളരെ എളുപ്പമായിരിക്കും. വീണ്ടും ഒരു മാന്ദ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കു പ്രസക്തി ഏറുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ

Saturday, February 4, 2012

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...
ഒരു മോട്ടോര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാന്‍ എത്ര ബുദ്ധിമുട്ടണം? പ്രശ്നങ്ങളൊന്നുമില്ലാത്ത റിന്യൂവല്‍ ആണെങ്കില്‍ ഒരു മിനിറ്റ് അല്ലെങ്കില്‍ ഒരു മൌസ് ക്ളിക്കിനുള്ള സമയം എന്നൊക്കെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? ഞാനും അങ്ങനെയാണു കരുതിയിരുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ദേശീയ ബോധമുള്ള പൊതു മേഖലാ കമ്പനിയുടെ കത്തു വന്നപ്പോള്‍ തുടങ്ങി പീഡനം അനുഭവിക്കല്‍. ദശലക്ഷക്കണക്കിനു വീര നായകര്‍ക്കു ഇരുചക്രവാഹനം വിറ്റഴിച്ചു മുന്നേറുന്ന കമ്പനിയുടെ ബൈക്കു തന്നെയാണ് ഇന്‍ഷൂറന്‍സ് പുതുക്കപ്പെടാനായിട്ടുള്ളത്. വാഹന നിര്‍മാതാക്കള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് വാഹനം വാങ്ങിയപ്പോള്‍ എടുത്തിരുന്നത്. റിന്യൂവല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ പ്രീമിയം അടച്ചേക്കാമെന്നു കരുതി അടക്കേണ്ട തുക എത്രയെന്നു നോക്കി. എങ്ങുമില്ല. ഇനി ഇതൊക്കെ കണക്കു കൂട്ടി എടുക്കുവാന്‍ എനിക്കെന്താ ഇന്‍ഷൂറന്‍സ് ഓഫിസിലാണോ പണി എന്നൊക്കെ ആലോചിച്ച് ആ കത്തിലുള്ള നമ്പറില്‍ വിളിച്ചു.
മോട്ടോര്‍ സൈക്കിള്‍ ഡീലറുടെ ഓഫിസിന്റെ നമ്പറായിരുന്നു അത്. നീണ്ട കാത്തിരിപ്പിനു ശേഷം 'ബന്ധപ്പെട്ട സെക് ഷനില്‍' ഫോണ്‍ ഘടിപ്പിച്ചു! ഇരുപതാം നൂറ്റാണ്ടില്‍ ടെലഫോണ്‍ എന്‍ക്വയറിയില്‍ വിളിക്കുമ്പോഴായിരുന്നു ഇത്രയേറെ വിരസത മുമ്പ് അനുഭവിച്ചിട്ടുള്ളത്. ഒടുവിലെത്തിയ കഠിനഭാഷിണി വാഹന ഉടമയുടെ പേരും നാളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം കല്‍പ്പിച്ചതെന്താണെന്നോ- നേരിട്ടു വരണം. അല്ല, ചെക്ക് അയച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ മറുപുറത്തു കേട്ടത് സൌജന്യമായി പോളിസി പുതുക്കി തരുമോ എന്നോ മറ്റോ ആണെന്നു തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കഠിനമായി നേരിട്ടു വന്നേ തീരൂ എന്നു വീണ്ടും കല്‍പ്പിക്കില്ലായിരുന്നല്ലോ.
എന്തായാലും വാഹന ഇന്‍ഷൂറന്‍സ് കാലാവധി കഴിയും മുന്‍പ് അതു പുതുക്കേണ്ടതിനാല്‍ വാഹന ഡീലറുടെ ഓഫിസിലേക്കു നേരിട്ടു ചെന്നു. ഇന്‍ഷൂറന്‍സ് അടക്കുന്നതിനുള്ള കൌണ്ടര്‍ തേടിപ്പിടിച്ചു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരിലാരുടേയോ ബന്ധു ആശുപത്രിയിലായപ്പോള്‍ ഉണ്ടായ ആനുഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അതു കഴിഞ്ഞപ്പോള്‍ എന്റെ റിന്യൂവല്‍ നോട്ടീസ് വാങ്ങി കീബോര്‍ഡില്‍ എന്തോ ഒക്കെ അമര്‍ത്താന്‍ തുടങ്ങി. പഴയ റോജ സിനിമയില്‍ എന്തോ രഹസ്യങ്ങള്‍ ഡീ കോഡ് ചെയ്യുന്ന സീനാണ് ഓര്‍മ്മ വന്നത്.
അതിനിടയില്‍ മറ്റൊരു ജോലിക്കാരന്‍ പയ്യന്‍ വന്നു. കക്ഷിയുടെ സ്മാര്‍ട്ട് ഫോണിലെ വീഡിയോ കാണാതിരിക്കുന്നതെങ്ങിനെ? ഇതിനിടയില്‍ ചെക്ക് പേയ്മെന്റ് നടത്താമോ എന്നൊക്കെ ചോദിച്ച് അവരെ ശല്യപ്പെടുത്തിയ എന്നെ എന്തു പേരിട്ടാണു വിളിക്കേണ്ടത്? എന്തായാലും ആറാമത്തെ തവണ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ റിന്യൂവല്‍ നോട്ടീസ് വാങ്ങിയ ജീവനക്കാരി കരുണ കാട്ടി- എന്നെയൊന്നു നോക്കി.
എന്തായാലും എനിക്കൊരു മറുപടി തരൂ എന്നു പറഞ്ഞപ്പോള്‍-ഞങ്ങള്‍ കാഷ് മാത്രമേ വാങ്ങൂ എന്നായി. എന്തായാലും പണം തന്നേക്കാം. പക്ഷേ,
എന്താണു നിങ്ങള്‍ ചെക്ക് സ്വീകരിക്കാത്തത് എന്ന് എനിക്കു പറഞ്ഞു തരാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ടെന്നു ശക്തമായി പറഞ്ഞപ്പോള്‍, മോട്ടോര്‍ ഇന്‍ഷൂറന്‍സ് അങ്ങനെയാണ് പണം മാത്രമേ സ്വീകരിക്കൂ എന്നായി. കാറടക്കം വീട്ടിലെ മറ്റു വാഹനങ്ങള്‍ക്ക് ഇതു വരെ ചെക്കാണല്ലോ നല്കുന്നത്. മാരുതിയുടെ ഡീലര്‍ കൃത്യമായി ചെക്കു സ്വീകരിച്ച് പോളിസി റിന്യൂ ചെയ്തു തരുന്നുമുണ്ടല്ലോ. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോള്‍, ഞങ്ങള്‍ എന്തായാലും ചെക്കു സ്വീകരിക്കില്ല എന്നായി കടും പിടുത്തം. 'ശരി, നിങ്ങള്‍ ചെക്കു സ്വീകരിക്കണമെന്നൊരു നിര്‍ദ്ദേശം നിങ്ങളുടെ സ്ഥാപനത്തിനു നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്. അതിന് എന്താണു ചെയ്യേണ്ടത' എന്നു ചോദിച്ചപ്പോള്‍ പരിഹാസത്തോടെയുള്ള നോട്ടമായിരുന്നു മറുപടി കിട്ടിയത്.
'നിങ്ങള്‍ എന്തെങ്കിലും പ്രതികരിക്കൂ, എനിക്കു വേറെ പണിയൊന്നുമില്ലാഞ്ഞിട്ടല്ല നിങ്ങള്‍ക്കു മുന്നില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത്' എന്ന് അല്‍പ്പം മുഖം കറുപ്പിച്ചു പറഞ്ഞപ്പോള്‍, 'ങാ, കേട്ടു' എന്നായി. കസ്റമറോട് എങ്ങനെ മോശമായി പെരുമാറാം എന്നു ലൈവ് ഡെമോ കാട്ടിക്കൊണ്ടിരുന്ന ആ പെണ്‍കുട്ടി ഒടുവില്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഞങ്ങളോടു മുകളില്‍ നിന്നു പറയുന്നതല്ലേ ഞങ്ങള്‍ക്കു ചെയ്യാനാവൂ. അതു തന്നെയാണല്ലോ ഞാനും ആവശ്യപ്പെട്ടത്, എന്റെ നിര്‍ദ്ദേശം പരിഗണിക്കാന്‍ കഴിവുള്ള, അല്ലെങ്കില്‍ പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ആരെയെങ്കിലും കാണിച്ചു തരൂ എന്നായി ഈ പാവം കസ്റമര്‍.
'എടാ...' സ്നേഹപുരസ്സരമുള്ള കിളിക്കൊഞ്ചലോടെയാണെങ്കിലും ഈ കസ്റമറെ എടാ എന്നൊക്കെ വിളിക്കുന്നോ എന്നൊക്കെ ആലോചിച്ചു കൊണ്ടിരിക്കെ വീണ്ടും വന്നു എടാ വിളി. 'എടാ, ആ സിമിയെ ഒന്നു കാണിച്ചു കൊടുക്കടാ' എന്ന കൊഞ്ചല്‍ വീണ്ടും വന്നു. അപ്പോഴാണു മനസ്സിലായത്, സഹപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടതായിരുന്നു അത്. സിമിയാണ് പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ എന്നു തോന്നുന്നു. എന്തായാലും ആ എടന്‍ എന്നെ സിമിയുടെ അടുത്തേക്കല്ല, ക്യാഷ് കൌണ്ടറിലേക്കാണു കൊണ്ടു പോയത്. പണവുമടച്ച് പോളിസിയും വാങ്ങി ഞാനെന്തായാലും തിരിച്ചു പോന്നു. കാരണം വെറുമൊരു ഇന്‍ഷൂറന്‍സ് റിന്യൂവല്‍ പ്രീമിയം അടക്കാനായി അര ദിവസത്തെ ലീവും ആവശ്യത്തിലേറെ സമയവും ചെലവഴിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്ന സമയത്ത് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാമല്ലോ.
ഇതൊക്കെ സ്വകാര്യ മേഖലയിലെ ഒരു ഓഫിസിന്റെ കാര്യം. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രതികരണം എങ്ങനെയാവുമെന്നറിയാന്‍ വിളിച്ചു നോക്കി. നാലു നമ്പറുകള്‍ തന്നിട്ടുണ്ട്. തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഒടുവില്‍ ഒരാളെ കിട്ടി. കക്ഷിക്ക് ഹിന്ദി മാത്രമേ അറിയൂ. ഒടുവില്‍ ഹോള്‍ഡു ചെയ്യിച്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. പിന്നെ നാലോ അഞ്ചോ തവണ വിളിച്ചിട്ടും ഒരു മറുപടിയുമില്ല.

ഗുണപാഠം: പൊതുമേഖലയായാലും സ്വകാര്യ മേഖലയായാലും ജോലിക്കെടുക്കുന്നവര്‍ക്കു നല്ല പരിശീലനം കൊടുത്തില്ലെങ്കില്‍ കസ്റമര്‍ക്കു
കഷ്ടകാലം തന്നെയായിരിക്കും.
മാര്‍ക്കറ്റ് ലീഡറീണെങ്കിലും ഇത്തരം അനുഭവങ്ങളാണു കസ്റമര്‍ക്കുണ്ടാകുന്നതെങ്കില്‍ അടുത്ത തവണ ഇതേ കമ്പനിയിലേക്കു വരാന്‍ രണ്ടല്ല, പത്തോ ഇരുപതോ തവണ ആലോചിക്കും.