Saturday, October 13, 2012

സിങ്കംപെട്ടിയിലെ രാജകൊട്ടാരത്തില്‍


ഇന്നു സിങ്കം പെട്ടി ഗ്രാമത്തിലൂടെയുള്ള യാത്രക്കിടെ രസകരമായൊരു അനുഭവം. ഇലക്ട്രിക് പോസ്റിനും ഉയരത്തിലായുള്ള മതില്‍ കണ്ട് അന്വേഷിച്ചപ്പോള്‍ അതു സിങ്കം പെട്ടിയിലെ രാജായുടെ പാലസാണെന്നു നാട്ടുകാര്‍ പറഞ്ഞു. എന്തായാലും കണ്ടു കളയാമെന്നു കരുതി ചെല്ലുമ്പോള്‍ ആറു മണി വരെയേ രാജായെ കാണാനാവൂ അത്രേ. ലുങ്കിയും ചുളുങ്ങിയ ഷര്‍ട്ടുമിട്ട ദ്വാര പാലകനെ മണിയടിച്ചു പാലസില്‍ കയറി എല്ലാം ഓടിച്ചൊന്നു കണ്ടു. അവിടെ ഓഫിസ് മേശയ്ക്കു മുകളില്‍ കിടന്ന കത്തിലെ വിലാസം നോക്കുമ്പോള്‍ 'രാജാ ഓഫ് സിങ്കം പെട്ടി'ക്കുള്ള കത്താണ് കിടക്കുന്നത്. അപ്പോള്‍ സംഗതി ശരിയാണ് രാജാവു തന്നെ ഇവിടെ താമസം. ഇത്ര ചെറിയ പ്രദേശത്തിനു മാത്രമായി ഒരു രാജാവ്. അപ്പോള്‍ ഇന്ത്യയില്‍ രാജഭരണക്കാലത്ത് എത്ര ലക്ഷം, അല്ല എത്ര കോടി രാജാക്കന്‍മാരുണ്ടായിരുന്നിരിക്കണം?
ലോഡ് ഷെഡ്ഡിങിനിടെ ആ കൊട്ടാരത്തില്‍ മാത്രം വെളിച്ചമുണ്ട്. സംസാരിക്കുന്നതൊന്നും കേള്‍ക്കാനാവാത്തത്ര ശബ്ദത്തോടെ പ്രവര്‍ത്തിക്കുന്ന ജനറേറ്ററാണവിടെ വെളിച്ചം നല്‍കുന്നത്. അനുമതി വാങ്ങി മാത്രമേ അകത്തു പ്രവേശിക്കാവൂ എന്ന മുന്നറിയിപ്പു ബോര്‍ഡിനോടു ചേര്‍ന്നു  മറ്റൊരു ചെറിയ ബോര്‍ഡു കൂടിയുണ്ട്- സന്ദര്‍ശനാനുമതി ആറു മണി വരെ മാത്രം.
ഇനിയെന്തെങ്കിലും കാണാനാവുമോ എന്നു ചോദിച്ചപ്പോള്‍, ഇരുട്ടായില്ലേ ഒന്നും കാണാനാവില്ലെന്ന മറുപടി വന്നതും രണ്ടും കല്‍പ്പിച്ചൊരു ചോദ്യമങ്ങു തൊടുത്തു വിട്ടു- എനിക്കിന്നു രാത്രി ഇവിടെ താമസിക്കാനാവുമോ? മറുപടി കേട്ടു ഞെട്ടിയതു ഞാനാണ്. ആയിരത്തി ഇരുന്നൂറു രൂപയാകും. എ.സി. ബംഗ്ളായുണ്ട്. അത്ര വാടക നല്‍കാന്‍ ഞാന്‍  തയ്യാറാകില്ലെന്നോര്‍ത്തായിരിക്കണം, ഒരു ദിവസത്തേക്കാണ് ആയിരത്തി ഇരുന്നൂറു രൂപയെന്ന് കക്ഷി കൂടുതല്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും കറണ്ടു പോകുന്നതും ഓരോ നിമിഷത്തിലും നൂറു കണക്കിനു കൊതുകുകള്‍ വിരുന്നു വരുന്നതുമായ ലോഡ്ജു മുറിയുടെ വാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ലാഭമാണല്ലോ എന്നതായിരുന്നു എന്റെ ചിന്ത. വാടകയൊക്കെ ശരി, ഭക്ഷണം എന്തൊക്കെ കിട്ടും എന്നു ചോദിക്കുമ്പോഴാണ് പ്രശ്നം. പച്ച വെള്ളം മാത്രമേ കിട്ടൂ. ഒരു ചായ പോലും കിട്ടാന്‍ ആ പരിസരത്തൊന്നും മാര്‍ഗ്ഗമില്ല. അതിനൊക്കെ ആറേഴു കിലോമീറ്റര്‍ താണ്ടി അടുത്ത ടൌണില്‍ പോകണം.  ഭക്ഷണം കിട്ടിയില്ലെങ്കില്‍ പിന്നെ രാജകൊട്ടാരത്തിനെന്തു പ്രസക്തി? രണ്ടു മൂന്നു ദിവസമായി അനുഭവിക്കുന്ന ഭക്ഷണപ്രശ്നം ഇന്നു രാത്രിയെങ്കിലും ഒഴിവാക്കാമെന്ന പ്രതീക്ഷ അങ്ങനെ തകര്‍ന്നു.

No comments:

Post a Comment