Monday, April 23, 2012

അക്ഷയ ത്രിതീയയെ വിമര്‍ശിക്കുന്നത് വിവരദോഷികളും അസൂയക്കാരും മാത്രം

കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയയ്ക്ക് അര ഗ്രാം സ്വര്‍ണം വാങ്ങിയതിന്റെ ഗുണഫലങ്ങള്‍ സ്വപ്നം കണ്ടതിനും അപ്പുറമായിരുന്നു. എന്തിനാണിതെക്കുറിച്ചു പറയുന്നതെന്നോ? ഈ വര്‍ഷത്തെ അക്ഷയ ത്രിതീയ അടുത്തു വന്നതോടെ അതിനെ വിമര്‍ശിച്ച് എത്രയേറെ പേരാണു രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അവരുടെ വായടപ്പിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് ഇവയെല്ലാം എഴുതാമെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ നാളില്‍ വളരെ തിരക്കുള്ള ഒരു കടയില്‍ പോയാണു ഞാന്‍ അര ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയം വാങ്ങിയത്. എനിക്കു തന്നെ യാതൊരു വിശ്വാസവും ഇല്ലാതെയാണതു വാങ്ങിയത്. എങ്കിലും എല്ലാവരും പറയുന്നതല്ലേ, ഒന്നു വാങ്ങിക്കളയാം എന്നു കരുതി അര ഗ്രാം വാങ്ങുകയായിരുന്നു. അതു വരെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലും ഉണ്ടായിരുന്നില്ല. അത്ര ദയനീയ അവസ്ഥയായിരുന്നു അവിടെ.
അല്‍ഭുതമെന്നു പറയട്ടെ, മിക്കവാറും നിങ്ങള്‍ വിശ്വസിക്കില്ല. അക്ഷയ ത്രിതീയ നാളില്‍ ആരോടും പറയാതെ അല്‍പ്പം പണം കൊണ്ടു പോയി അര ഗ്രാം സ്വര്‍ണവുമായി വീട്ടില്‍ എത്തിയപ്പോഴുണ്ട്, ഭാര്യ ഒരു ഗ്രാമിന്റെ ഒരു തനി തങ്ക നാണയവുമായി വീട്ടിലേക്കു വരുന്നു. ഭാഗ്യം കടന്നു വരാന്‍ തുടങ്ങുകയാണെന്ന് അപ്പോഴും എനിക്കു മനസ്സിലായില്ലായിരുന്നു. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എനിക്ക് അന്നു തന്നെ അതിന്റെ ഇരട്ടി അളവില്‍ തനി തങ്കം കിട്ടുകയെന്നു പറഞ്ഞാല്‍ അനുഗ്രഹം തന്നെയല്ലേ? അന്നെനിക്കതിന്റെ ശക്തി മനസ്സിലാക്കാനായില്ല. പക്ഷേ, വീണ്ടും അനുഭവങ്ങള്‍ എന്നെ തേടിയെത്തി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ബാങ്ക് ലോക്കര്‍ തുറക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി ബ്രാഞ്ച് മാനേജര്‍ വന്ന് എന്നോട് പറയുകയാണ്, ഇപ്പോള്‍ പണം കൊടുക്കാതെ സ്വര്‍ണ നാണയം വാങ്ങാനുള്ള പുതിയ പദ്ധതി അന്നു ലോഞ്ചു ചെയ്യുകയാണെന്ന്. ആദ്യ ദിനം തന്നെ ഞാന്‍ പത്തു പവന്റെ നാണയങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കി. നോക്കണേ, ഭാഗ്യം വന്ന വരവ്. അര പവനില്‍ നിന്ന് പതിനൊന്നര പവനിലേക്ക് വെറും ഒരു മാസം മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ക്ളബ്ബിലേക്കു പോകും വഴി പ്രമുഖ ജുവല്ലറിയുടെ പുതിയ ബ്രാഞ്ചിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നത്. എന്തായാലും അവിടെ ഒന്നു കയറി നോക്കിയപ്പോള്‍ പുതിയ നിരവധി ഓഫറുകള്‍. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നു കൊണ്ടു വന്ന കുറേ പുതിയ പീസുകളുണ്ടത്രേ. അതും വാങ്ങി കുറെയെണ്ണം. നോക്കൂ. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എന്റെ വീട്ടില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണമായി എന്ന്.
ഇതിനു മുന്‍പുള്ള രണ്ട് അക്ഷയ ത്രിതീയ നാളുകളിലും രാവിലെ തന്നെ കടയില്‍ പോയി സ്വര്‍ണം വാങ്ങിയപ്പോഴും എനിക്ക് ഇതേ പോലെ ഐശ്വര്യം
അടിവെച്ചടി വെച്ച് കയറുന്ന അനുഭവങ്ങളാണുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അക്ഷയ ത്രിതീയ നാളില്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിയ എനിക്ക് സര്‍ക്കാര്‍ ലോട്ടറിയുടെ സ്വര്‍ണ സമ്മാനം തന്നെയാണു ലഭിച്ചത്. അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ എന്റെ അയല്‍വാസിയോടും അന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസമില്ലാത്ത ആ കക്ഷി എന്നെ പരിഹസിച്ചു. കിട്ടേണ്ടതവനു കിട്ടുകയും ചെയ്തു. അവന്‍ ഒരു ലോട്ടറി ടിക്കറ്റെടുക്കാനായി പുറത്തിറങ്ങിയ ദിവസമാണ് ആ ലോട്ടറി വിവാദം ഉണ്ടാകുകയും കേരള സര്‍ക്കാര്‍ കുറെ ലോട്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്തത്.
എന്തായാലും അക്ഷയ ത്രിതീയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എനിക്ക് ഐശ്വര്യങ്ങളുടെ കാലം തന്നെയായിരുന്നു. സ്വര്‍ണ നാണയങ്ങള്‍ ഓരോ ദിവസവും എന്ന പോലെ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റിസര്‍വ്വ് ബാങ്കിന്റെ ലോട്ടറി എനിക്കു കിട്ടിയത്. സ്വര്‍ണ നാണയങ്ങള്‍ പണയം വെക്കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഇനി അവ തല്‍ക്കാലത്തേക്ക് എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പായി. പണയം വെക്കാന്‍ ചെന്നാല്‍ ബാങ്കുകാരും ഫിനാന്‍സുകാരും എടുക്കില്ല. വില്‍ക്കാമെന്നു കരുതിയാല്‍ അതു വിറ്റവരാരും തിരിച്ചെടുക്കില്ല. വല്ല ജുവല്ലറിയിലും ചെന്നാല്‍ അവരതു മാറ്റി മാലയോ വളയോ അരഞ്ഞാണമോ ആക്കി തരും. പണിക്കൂലിയും കൈമാറ്റ കൂലിയും വാങ്ങമെന്നു മാത്രം. എന്തായാലും തല്‍ക്കാലം ഈ ഐശ്വര്യമെല്ലാം ഇനി എന്റെ കയ്യില്‍ തന്നെ ഇരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തൊരിടത്തു കള്ളന്‍ കയറി. സേഫെല്ലാം പൊളിച്ചിട്ടും ആ കള്ളന്‍ അതിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങളൊന്നും എടുത്തില്ലത്രേ. കാരണം, ഗൃഹനാഥന്‍ ത്രിതീയ നാളില്‍ വാങ്ങിയതായിരുന്നു അവയെല്ലാം. നല്ല നാള്‍ നോക്കാതെ വാങ്ങിയിരുന്ന ഒരു ചെറിയ മോതിരം അതിന്റെയെല്ലാം കൂട്ടത്തിലൂണ്ടായിരുന്നു. അതു മാത്രം കള്ളന്‍ എടുത്തു കൊണ്ടു പോയത്രെ. ഈ അനുഭവം അറിയുമ്പോഴെങ്കിലും ഈ അവിശ്വാസികള്‍ പഠിക്കുമോ ആവോ?
എന്തായാലും നാളെ രാവിലെ തന്നെ പത്തു കടകളില്‍ പോയി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ ഞാനും എന്റെ കുടുംബവും തയ്യാറായിരിക്കുകയാണ്. വിശ്വാസമുണ്ടെങ്കില്‍ നിങ്ങളും നാളെ രാവിലെ തന്നെ പോയി ഒരു സ്വര്‍ണ നാണയമെങ്കിലും വാങ്ങൂ. അതിന്റെ ഗുണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

9 comments:

  1. kollam ningal nannayi karyam avatharippichu...

    ReplyDelete
  2. ഹഹ ... സഞ്ജയനെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്.. കൊള്ളാം.. ആശംസകള്‍

    ReplyDelete
  3. ഹ ഹ ഹ... സൂപ്പറായിരിക്കുന്നു..:)

    ReplyDelete
  4. ബില്ലുകൊടുക്കാന്നുള്ള ആർട്ടിക്കിൾ ആകുമ്പോൾ അൽപം കൂടി ലെങ്ത് ആകാം

    ReplyDelete