Thursday, January 17, 2013

കൈക്കൂലി ചോദിക്കുന്നവനോടു ചൂടാകരുത്


ഒരു മാന്യന്‍ ഞങ്ങളോടൊരിക്കല്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചു. അയാളെ ഓഫിസിലെ മേശ പുറത്തു കൊണ്ടു വന്നിട്ട് അതില്‍ കയറ്റി നിര്‍ത്തി പരസ്യമായി മാപ്പു പറയിപ്പിച്ചു. പിന്നീടു മറ്റൊരു മാന്യന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചപ്പോഴും എന്റേതായ രീതിയില്‍ തന്നെ പ്രതികരിച്ചു.  സര്‍ക്കാര്‍ ജീവനക്കാരുടെ സമരകാലത്ത് ചില സ്റാറ്റസുകള്‍ക്കു ഞാനിട്ട കമന്റുകളെ കൈക്കൂലിക്കാരെ അനുകൂലിക്കുന്നവനാണു ഞാനെന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചിലരുപയോഗിച്ചു.  അതാണിപ്പോഴിക്കാര്യം എഴുതാനുള്ള പ്രകോപനം.
കൊച്ചിയിലെ ഒരോഫിസിലെ ഉദ്യോഗസ്ഥന്റെ അപമര്യാദയെ ചോദ്യം ചെയ്തപ്പോള്‍ ഞങ്ങള്‍ക്കുള്ള സേവനം നല്‍കാനായി കൈക്കൂലി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞതാണ് മുകളില്‍ പറഞ്ഞ സംഭവത്തിനു തുടക്കം കുറിച്ചത്.   താങ്കളൊരു പക്ഷേ അബദ്ധത്തില്‍ പറഞ്ഞു പോയതാകുമെന്നും ആ കൌണ്ടറില്‍ വെച്ചു തന്നെ ചെറുതായൊന്നു ക്ഷമ പറഞ്ഞാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടു തീരുമെന്നും ഞാനും കൂടെയുണ്ടായിരുന്ന മൂന്നു പേരും പറഞ്ഞു.
ഇത്രയും പറഞ്ഞ ആ കക്ഷി മാപ്പു പറയാന്‍ സ്വാഭാവികമായും തയ്യാറായില്ല.  അവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന നൂറോളം ജനങ്ങളുണ്ടായിരുന്നിട്ടും ആരും അതിലിടപെടാന്‍ തയ്യാറായുമില്ല.  എന്തായാലും കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ അതു തിരുത്തി പരസ്യ മാപ്പു പറയുകയോ അയാള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടേ ഞങ്ങളയാളെ പുറത്തു വിടൂ എന്നു പ്രഖ്യാപിച്ച് ഓഫിസിനു മുന്നില്‍ നിലയുറപ്പിച്ചു.  ഉച്ചക്ക് ഒരു മണിക്കു മുന്‍പായിരുന്നു സംഭവം. വൈകിട്ട് അഞ്ചു മണിയായതോടെ സ്ഥലത്ത് വലിയ ടെന്‍ഷനായി.  ഞങ്ങള്‍ കുറെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വരുത്തി. കൈക്കൂലി വാങ്ങുമെന്നു പറഞ്ഞയാള്‍ പുറത്തിറങ്ങിയാല്‍ തടയുമെന്ന പ്രഖ്യാപനവുമായി ഞങ്ങള്‍ അവിടെ നിലയുറപ്പിച്ചു.ഓഫിസിലുള്ളവര്‍ക്കു വേണമെങ്കില്‍ പോലീസിനെ വിളിച്ചു വരുത്തി ഞങ്ങളെ നീക്കം ചെയ്യാമെന്നെല്ലാം ഞങ്ങള്‍ പറഞ്ഞിട്ടും അനക്കമില്ല.  മൈക്കൊന്നുമില്ലാതെ നല്ല ഉച്ചത്തില്‍ ഓരോരുത്തരായി പ്രസംഗിക്കാനും തുടങ്ങി.  അതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വന്നവരും നാട്ടുകാരുമെല്ലാം  ഞങ്ങളോടൊപ്പം കൂടി.  ആറര മണിയോടെ  ഓഫിസിലുള്ളവരെല്ലാം വന്ന് മാപ്പു പറയാമെന്നറിയിച്ചു.  പക്ഷേ അവരുടെ ഓഫിസിനുള്ളില്‍ വെച്ചാവും മാപ്പു പറച്ചില്‍. ഇനിയെന്തായാലും അതു പറ്റില്ലെന്നായി ഞങ്ങള്‍.  ഓഫിസിനു മുന്നില്‍ വന്ന് ജനങ്ങള്‍ക്കു മുന്നിലാവണം ഇനി മാപ്പു പറയലെന്നായി. അതിനു തയ്യാറായി കക്ഷി വന്നപ്പോള്‍ തിരക്കു കാരണം അദ്ദേഹത്തെ ജനക്കൂട്ടത്തിനു കാണാനാവുന്നില്ല. ഒടുവില്‍ ഓഫിസ് ജീവനക്കാര്‍ തന്നെ അകത്തു നിന്നു രണ്ടു മേശ കൊണ്ടു വന്നിട്ടു.  അദ്ദേഹം അതിനു മുകളില്‍ കയറി നിന്നു പ്രഖ്യാപനം നടത്തി
- കൈക്കൂലി വാങ്ങുമെന്ന് ഞാന്‍ പറയുകയുണ്ടായി. അതു തെറ്റാണ്. എന്റെ അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണത്. കൈക്കൂലി വാങ്ങാതെ എല്ലാ ജോലിയും ചെയ്തു കൊടുക്കും- ഇതാണ് ആ മാന്യന്‍ പ്രഖ്യാപിച്ചത്.
എന്തായാലും അതിനു ശേഷം നിരവധി തവണ ആ ഓഫിസില്‍ പോയപ്പോഴെല്ലാം നന്നായിത്തന്നെ കാര്യങ്ങള്‍ നടന്നു. എന്തായാലും ഞങ്ങളോട് ആരും പിന്നീട് കൈക്കൂലി ആവശ്യപ്പെടുകയോ അതു നല്‍കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല.
കൈക്കൂലിക്കു പേരു കേട്ട ആ ഓഫിസില്‍ കുറച്ചു കാലത്തേക്കെങ്കിലും കൈക്കൂലി വാങ്ങുന്ന പതിവു നിര്‍ത്തിക്കാന്‍ ഞങ്ങള്‍ നാലു പേര്‍ മാത്രം വിചാരിച്ചപ്പോള്‍ സാധിച്ചു.  പിന്നീടു കാര്യങ്ങളെന്തായി എന്നറിയില്ല.  എന്തായാലും പലപ്പോഴും നാം ജനം പ്രതികരിക്കാന്‍ തയ്യാറാവാത്തതാണ് ചെറിയ നിലയിലായാലും വലിയ നിലയിലായാലും കൈക്കൂലി വളര്‍ന്നു വരുന്നതിനു കാരണം.
ക്ഷാമബത്ത നല്‍കുന്നതിനെ അനുകൂലിച്ചു ഞാന്‍ ചില കമന്റുകള്‍ ഇട്ടപ്പോള്‍ ഇങ്ങനെ ക്ഷാമബത്ത വാങ്ങുന്നവര്‍ കൈക്കൂലിക്കാരാണെന്നും അവരെ അനുകൂലിക്കുന്നതാണ് എന്റെ കമന്റുകളെന്നും സൂചിപ്പിക്കുന്ന മറുപടികള്‍ ചിലരില്‍ നിന്നുണ്ടായി. അതാണ് കൈക്കൂലിയുമായി ബന്ധപ്പെട്ട എന്റെ അനുഭവം എഴുതാമെന്നു കരുതിയത്.  ജീവനക്കാര്‍ക്കിടയിലെ കൈക്കൂലി ഇല്ലാതാക്കാന്‍ സംഘനകള്‍ക്കു കഴിയും എന്നാണ് എന്റെ കാഴ്ചപ്പാട്.  മറ്റു പലര്‍ക്കും വിഭിന്ന വീക്ഷണമാണുള്ളതെന്നും എനിക്കറിയാം.  ശക്തമായ സംഘടനകള്‍ ഇല്ലാത്തിടങ്ങളിലും സംഘടനകള്‍ തന്നെ ഇല്ലാത്ത മേഖലകളിലും അഴിമതി കൂടുതലാണെന്നതു തന്നെ എന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.  നമ്മുടെ നാട്ടില്‍ അഴിമതിക്കാരേക്കാള്‍ കൂടുതല്‍ അഴിമതിയില്ലാത്തവരാണെന്നു തോന്നുന്നു. അല്ലെങ്കില്‍ എവിടെ ചെന്ന് എത്തിയേനെ കാര്യങ്ങള്‍.  ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അറിയാം അതിന്റെ യഥാര്‍ത്ഥ മുഖം.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി.  നിരവധി പേര്‍ അടുത്ത കാലത്ത് ആവശ്യപ്പെട്ട ഒന്നുണ്ട്- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്തയും വാര്‍ഷിക വര്‍ധനവും ഒന്നും കൊടുക്കരുത്. എത്ര സുന്ദരമായ ആവശ്യം.  ഇങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാര്‍ ജോലി കിട്ടാത്തതിന്റെ അസൂയയായിരിക്കും. അല്ലെങ്കില്‍ ഭീരുത്വം.  അസൂയയെക്കുറിച്ചു പ്രത്യേകിച്ചു പറയുന്നില്ല. ഭീരുത്വത്തെക്കുറിച്ചു കുറച്ചു പറയണമെന്നു തോന്നുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നതാണല്ലോ കുറഞ്ഞ ശമ്പളം കൊടുക്കണമെന്നതിനു പിന്നിലുള്ള ന്യായം? ജോലി ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് അടിസ്ഥാന ശമ്പളമോ വര്‍ധനവില്ലാത്ത ശമ്പളമോ നല്‍കുന്നത്? അവരെ മാറ്റുകയോ ജോലി ചെയ്യിക്കുകയോ അല്ലേ വേണ്ടത്. അല്ലാതെ  ജോലി ചെയ്യാതെ വെറുതെയിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കുറഞ്ഞ നിരക്കിലാണെങ്കില്‍ പോലും ശമ്പളം നല്‍കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? നിലവിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്തയോ മറ്റു വര്‍ധനവുകളോ നല്‍കുന്നതു തെറ്റെന്നു വാദിക്കുന്നവരില്‍ ചിലര്‍ മുന്‍പു സര്‍ക്കാര്‍ ശമ്പളം വാങ്ങിയവരാണെന്നതും വലിയ തമാശയായി തോന്നുന്നു. അവരിപ്പോള്‍ പെന്‍ഷന്‍ വാങ്ങുമ്പോഴും പഴയ രീതിയില്‍ത്തന്നെ ക്ഷാമബത്താ വര്‍ധനവെല്ലാം ലഭിക്കുന്നുണ്ടല്ലോ. അവരെന്തേ അക്കാര്യമെല്ലാം കണക്കിലെടുക്കാത്തത്? ഇത്തരക്കാരെയാണു ഞാന്‍ അസൂയക്കാരെന്നു വിളിക്കുന്നത്.  അതേ സമയം ആരോഗ്യകരമായ വിമര്‍ശനങ്ങളെ നാം പിന്തുണക്കുകയും വേണം.

Tuesday, December 25, 2012

എവിടെ എന്റെ ക്രിസ്മസ് കാര്‍ഡ്?

    ദിവസവും ഒരോ കെട്ടു ക്രിസ്മസ് കാര്‍ഡുകളുമായി ഷഡന്‍ ചേട്ടനെന്ന ഞങ്ങളുടെ പോസ്റുമാന്‍ വരുന്ന ഒരു ക്രിസ്മസ് കാലമുണ്ടായിരുന്നു. ഇന്ന്  ഇമെയിലില്‍ പോലും വളരെ കുറച്ചു ക്രിസ്മസ് ആശംസകളേ വരുന്നുള്ളു. അവയെല്ലാം ഫെയ്സ്ബുക്കിലും എസ്.എം.എസ്സിലും കൂടെയായി.
    ഇത്തവണ ഔദ്യോഗിക ബന്ധങ്ങളുടെ പേരിലല്ലാത്ത ഒരൊറ്റ ആശംസാ കാര്‍ഡു മാത്രമേ തപാലില്‍ എത്തിയുള്ളു.  അതു പതിവു പോലെ ജയരാജിന്റേതായിരുന്നു.  ഗള്‍ഫിലേക്കുള്ളതപാല്‍ക്കൂലി അന്ന് എനിക്കു താങ്ങാവുന്നതിലും കൂടുതലായിരുന്നതിനാല്‍ പത്തു പതിനഞ്ചു കൊല്ലം മുന്‍പ് ദുബായിലേക്കു ജയരാജിനു ക്രിസ്മസ് കാര്‍ഡയക്കുന്നതു ഞാന്‍ നിര്‍ത്തിയതാണ്. എങ്കിലും ജയരാജ് ഇപ്പോഴും അതു തുടരുന്നത് വളരെ സന്തോഷം നല്‍കുന്നു.  ജയരാജിന്റെ കാര്‍ഡു പോലെ തന്നെ എനിക്കു കൃത്യമായി തപാലില്‍ മറ്റൊരു കാര്‍ഡു കൂടി ലഭിക്കുമായിരുന്നു.  ക്രിസ്മസിന്, പുതുവല്‍സരത്തിന്, എന്റെ ജന്മദിനത്തിന് പിന്നീട് എന്റെ വിവാഹ വാര്‍ഷികത്തിനും അതു കൃത്യമായി കിട്ടിക്കൊണ്ടിരുന്നു.  പക്ഷേ, അതിലെ വലിയൊരു തമാശ, അതാരയക്കുന്ന കാര്‍ഡാണെന്ന് എനിക്കറിയില്ലെന്നതാണ്.  കത്തുകളിലൊ മറ്റോ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഇംഗ്ളീഷ് കയ്യക്ഷരത്തില്‍ എഴുതിയ വിലാസം, പിന്നെ പേര് ഊഹിക്കാന്‍ കഴിയാത്ത ഇനത്തിലുള്ള നല്ലൊരു കയ്യൊപ്പും.  എന്നെ എന്നും അമ്പരപ്പിച്ചിരുന്ന ആ കാര്‍ഡുകള്‍ കുറച്ചു നാളായി കിട്ടുന്നേയില്ല.  ആ കാര്‍ഡയച്ചിരുന്ന വ്യക്തിയാരെന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ നിരവധി സാധ്യകളിലൂടെ വഴി തിരിച്ചു വിടാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. 
    എനിക്കു പഴയതു പോലെ ക്രിസ്മസ് കാര്‍ഡുകള്‍ തപാലില്‍ കിട്ടിയില്ലെങ്കിലും കാര്‍ഡുകള്‍ ആരും അയക്കുന്നില്ലെന്ന നിഗമനത്തിലെത്താനാവില്ല. കഴിഞ്ഞ ദിവസം പള്ളുരുത്തിയിലെ ഒരു ചെറിയ കടയില്‍ പോയപ്പോള്‍ അവിടെ ധാരാളം ആശംസാ കാര്‍ഡുകള്‍ നിരത്തി വെച്ചിരിക്കുന്നു.  ആരും വാങ്ങിക്കാത്ത സാധനങ്ങള്‍ അവരങ്ങിനെ നിരത്തി വെച്ചു സ്ഥലം കളയില്ലല്ലോ.
    എനിക്കാദ്യം കിട്ടിയ ക്രിസ്മസ് കാര്‍ഡ് ആരുടേതാണെന്ന് ഓര്‍മയില്ല. പക്ഷേ, എന്നോട് ആദ്യമായി ഹാപ്പി ക്രിസ്മസ് പറഞ്ഞ വ്യക്തിയെ ഞാന്‍ ഓര്‍ക്കുന്നു.  നമ്മുടെ ജയരാജിന്റെ അച്ഛന്‍ പയസ്സു മാഷായിരുന്നു അത്.  വലിയവര്‍ വലിയവരോടു മാത്രം പറയുന്നതെന്നു ഞാന്‍ കരുതിയിരുന്ന മെറി ക്രിസ്മസ് എന്നോടു പറഞ്ഞു കക്ഷിയന്നെന്നെ ഞെട്ടിച്ചു കളഞ്ഞു.   

Thursday, December 20, 2012

കൊലപാതകം സഹിക്കാം; പക്ഷേ പുകവലിയെ ഞങ്ങള്‍ വെറുതെ വിടില്ല


പ്രഭുവിന്റെ മക്കള്‍ എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയതാണ്. അതില്‍ പോലീസുകാര്‍ ഒരാളെ ക്രൂരമായി ഉരുട്ടിക്കൊല്ലുന്ന രംഗമുണ്ട്. ഉരുട്ടല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ പോലീസുകാരിലെ മൂപ്പന്‍ ടെന്‍ഷന്‍ കൂടിയിട്ട് ഒരു സിഗററ്റ് വലിക്കുന്നു.
ആ രംഗം വരുമ്പോള്‍ അതാ വരുന്നു ഒരു സാരോപദേശം...
പുകവലി ആരോഗ്യത്തിനു ഹാനികരം. ( അതായത് ഒരാളെ കസ്റഡിയില്‍ എടുത്ത് ഉരുട്ടുന്നത് ആരോഗ്യത്തിനു ഹാനികരമല്ല, പക്ഷേ പുകവലിക്കുന്നത് വലിയ ഹാനിയുണ്ടാക്കും.)
സിഗററ്റു വലിക്കുന്നതോ മദ്യപിക്കുന്നതോ ആയ രംഗങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ ഇങ്ങനെ എഴുതിക്കാണിക്കണമത്രെ.  ഇതിനു മുന്‍പ് അവരോഹണം കണ്ടപ്പോള്‍ അതിലും ഇങ്ങനെ മധുപാനം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് തമിഴില്‍ എഴുതിക്കാട്ടുന്നുണ്ട്.
എനിക്കപ്പോള്‍ തോന്നിയ സംശയമിതാണ്- തെറ്റു ചെയ്യുമ്പോള്‍ അതു തെറ്റാണെന്ന് എഴുതിക്കാട്ടുന്നതിന്റെ ഭാഗമായാണല്ലോ ഇങ്ങനെ പുകവലി ആരോഗ്യത്തിനു ഹാനികരമെന്നെഴുതി ആ സീനുകളുടെ ദൃശ്യഭംഗി നശിപ്പിക്കുന്നത്.  ആ നിലയ്ക്ക് പോലീസ് കസ്റഡിയിലെ ഉരുട്ടല്‍ രംഗത്തിനടിയില്‍ എന്തൊക്കെ എഴുതിക്കാട്ടണം?
1. പോലീസുകാരുടെ മൂന്നാം മുറ നിയമ വിരുദ്ധം.
2. നിയമ വിരുദ്ധമായി ഒരു വ്യക്തിയെ കസ്റഡിയില്‍ പാര്‍പ്പിക്കുന്നത് കുറ്റകരം.
3. പോലീസ് കസ്റഡിയിലുള്ള ഒരു വ്യക്തിയെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധം.
4. പ്രതിരോധത്തിനല്ലാതെ (അതും ഏറ്റവും കുറഞ്ഞ അളവില്‍) ബലപ്രയോഗം നടത്താന്‍ പോലീസിന് അവകാശമില്ല.
5. കൂട്ടം ചേര്‍ന്ന് ഒരു വ്യക്തിയെ ആക്രമിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം.
6. ഉലക്ക കൊണ്ട് ഒരാളുടെ കാല്‍ മുതല്‍ തല വരെ ഉരുട്ടിയാല്‍ മരണം വരെ സംഭവിക്കാം.

ഇങ്ങനെ എഴുതാന്‍ പോയാല്‍ പോലീസ് കസ്റഡിയിലെ ഉരുട്ടലിനെതിരെ ഒരായിരം സാരോപദേശങ്ങള്‍ എഴുതാം.  സിനിമ സിനിമയും ജീവിതം ജീവിതവുമാണെന്നു മനസ്സിലാക്കിയാല്‍ പോരെ. അല്ലാതെ ഇങ്ങനെ എഴുതിക്കാണിക്കേണ്ട കാര്യമുണ്ടോ? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.  കസ്റഡിയില്‍ ഭീകരമായ ഉരുട്ടലിനു വിധേയമാകുന്ന വ്യക്തിക്കുണ്ടാകുന്നതിനേക്കാള്‍ വലിയ എന്ത് ആരോഗ്യ പ്രശ്നമാണ് പുകവലിയിലൂടെ ഉണ്ടാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
പൊതു സ്ഥലത്തും അല്ലാത്തിടത്തും പുകവലിക്കുന്നവര്‍ക്കെതിരെ പലപ്പോഴും അതിശക്തമായിത്തന്നെ പ്രതികരിക്കാറുള്ള എനിക്കീ സാരോപദേശം അരോചകമായിത്തോന്നി.

Wednesday, December 12, 2012

12-12-12 കഴിഞ്ഞു, ഇനി 8-8-88 വരാന്‍ മൂന്നു മാസം കൂടി മാത്രം

എല്ലാവരും 12-12-12 എന്ന ദിവസത്തെക്കുറിച്ചെഴുതുന്നു. അതിനെന്തെങ്കിലും മേന്‍മയുണ്ടോ എന്നറിയില്ല. ഇത്തരമൊരു ദിവസം (01-01-01) വീണ്ടും വരാന്‍ 89 വര്‍ഷം കൂടി കാത്തിരിക്കണമത്രേ.

 ഇംഗ്ളീഷ് കലണ്ടര്‍ പിന്തുടരുമ്പോഴാണ് 2101-ാം ആണ്ടു വരെ അതിനായി കാത്തിരിക്കേണ്ടി വരിക. മലയാളം കലണ്ടര്‍ പിന്തുടര്‍ന്നാല്‍ ആ പ്രശ്നമില്ല. കൊല്ലവര്‍ഷ കലണ്ടര്‍ പ്രകാരം ഇതേ രീതിയില്‍ എഴുതാന്‍ രസമുള്ള മറ്റൊരു ദിവസം ഉടനെ വരുന്നുണ്ട്. ഏറെയൊന്നും കാത്തിരിക്കേണ്ട. ഏതാണ്ട് മൂന്നു മാസവും പത്തു ദിവസവും കൂടി കാത്തിരുന്നാല്‍ മതി. ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം 2013 മാര്‍ച്ച് 22.  അപ്പോള്‍ കൊല്ല വര്‍ഷത്തിലെ  8-8-88 എന്ന ദിവസം വരും.

അതായത് കൊല്ലവര്‍ഷം 1188-ലെ എട്ടാം മാസത്തിലെ എട്ടാം ദിവസം. അതിനും 12-12-12 പോലെ യാതൊരു പ്രത്യേകതയും ഉണ്ടാകില്ല എന്നു മാത്രം. വേണമെങ്കില്‍ ഇമ്മിണി വല്യ ഒരു എട്ടാമിടം എന്നു നമുക്കതിനെ വിളിക്കാം. ഇന്ത്യയുടെ ഔദ്യോഗിക കലണ്ടര്‍ പ്രകാരം മറ്റൊരു സവിശേഷതയും 8-8-88 വരുന്ന മാര്‍ച്ച് 22-നുണ്ട്,. ശകവര്‍ഷാരംഭ ദിനം കൂടിയാണ് 8-8-88 എന്ന 2013 മാര്‍ച്ച് 22.

Sunday, November 4, 2012

പട്ടിയെക്കൊന്നാല്‍ ബീഫാകുമോ?

      പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം കുറഞ്ഞു എന്ന് പശ്ചിമ കൊച്ചിയിലുള്ളവര്‍ ആരും പറഞ്ഞു കേട്ടില്ല. പക്ഷേ, പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ എണ്ണം 60 ശതമാനത്തോളം കുറഞ്ഞെന്നും  കാണാതായ തെരുവു നായ്ക്കളെ മാട്ടിറച്ചിയില്‍ ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചു എന്നുമാണ് ചില വാര്‍ത്തകള്‍ കണ്ടത്.  എന്നാല്‍ തെരുവു നായ്ക്കളുടെ ശല്യം ഈയിടെയായി വളരെ വര്‍ധിച്ചു എന്നാണു പള്ളുരുത്തിക്കാര്‍ പലരും പറയുന്നത്.  പ്രഭാത നടത്തത്തിനു പോകുന്ന പലരും പറയുന്ന പരാതിയാണിത്. ചിറക്കല്‍ ഭാഗത്തും കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രിയുടെ ഭാഗത്തുമെല്ലാം തെരുവു നായ്ക്കളുടെ എണ്ണം വളരെയേറെ വര്‍ധിച്ചിട്ടുണ്ടെന്നാണു പലരുടേയും പരാതി. (മനുഷ്യനെ നായ കടിച്ചാല്‍ അതു വാര്‍ത്തയല്ല എന്നു പണ്ടു ജേണലിസം ക്ളാസില്‍ പഠിപ്പിച്ചിട്ടുള്ളതു കൊണ്ടാകും പ്രഭാത നടത്തക്കാര്‍ക്കു നേരെയുള്ള നായ്ക്കളുടെ അതിക്രമമൊന്നും ഈ പത്രക്കാര്‍ വാര്‍ത്തയാക്കാത്തത്.)  എന്തിനേറെ പഴയ ദേശീയപാതയില്‍ കുമ്പളങ്ങി വഴിക്കു സമീപം അതിരാവിലെ ബസ്സു കാത്തൊന്നു നിന്നു നോക്കൂ. അപ്പോഴറിയാം പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം എത്ര ഭീകരമാണെന്ന്.
 ഇനി ഇതില്‍ നൂറോ ഇരുന്നൂറോ തെരുവു നായ്ക്കള്‍ ബീഫും മട്ടണുമെല്ലാം ആയി മാറിയോ എന്നറിയില്ല.  ഈ രണ്ടു പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടത് നഗരസഭയുടെ ആരോഗ്യ വകുപ്പാണെന്ന് തോന്നുന്നു.  തെരുവില്‍ നിന്നു പിടിച്ചതോ അല്ലാത്തതോ ആയ ഏതെങ്കിലും നായ്ക്കളെ മാട്ടിറച്ചിയോടു ചേര്‍ത്തു വില്‍ക്കാനായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യ വിഭാഗം വീഴ്ച വരുത്തിയെന്ന് അനുമാനിക്കേണ്ടി വരും.  ആ വീഴ്ചയെക്കുറിച്ചെന്തെങ്കിലും കാര്യങ്ങള്‍ പുറത്തു വന്നാല്‍ അതു തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്നു മനസ്സിലാകുന്നില്ല.  പ്രത്യേകിച്ച് പള്ളുരുത്തിയില്‍ തെരുവു നായ്ക്കളുടെ ശല്യം കുറഞ്ഞിട്ടില്ലാത്ത ഒരു സാഹചര്യത്തില്‍...
 അടുത്തിടെ പള്ളുരുത്തിയിലൂടെ നടക്കുമ്പോള്‍ വഴിയില്‍ രണ്ടു പേര്‍ സംസാരിച്ചു നിന്നിരുന്ന കാര്യം ഇതുമായി ബന്ധപ്പെട്ടതാണല്ലോ എന്നിപ്പോള്‍ തോന്നുന്നു.  ശ്വാനമാംസം വിശിഷ്ട ഭോജ്യമായി കണക്കാക്കുന്ന പ്രദേശത്തു നിന്നുള്ള ചിലര്‍ ജോലിക്കായി കൊച്ചിയില്‍ താമസിക്കുന്നുണ്ടത്രേ.  അവര്‍ വലിയൊരു പട്ടിയെ പിടിച്ചു കൊണ്ടു പോകുന്നുണ്ടായിരുന്നു.  അതു കറി വെച്ചു കഴിക്കാനായിരുന്നു എന്നാണത്രെ വഴി പോക്കര്‍ പറഞ്ഞു കൊണ്ടിരുന്നത്.  ഇതു പാകം ചെയ്യുന്നതിനെക്കുറിച്ച് ഏതോ ടിവി ചാനലില്‍ അടുത്തിടെ കാണുകയും ചെയ്തുവെന്നും അതാണു താനിത്ര ഉറപ്പിച്ചു കാര്യം പറയുന്നതെന്നും ഇവരിലൊരാള്‍ അവകാശപ്പെടുകയും ചെയ്തു.
 പട്ടിയിറച്ചി ഇഷ്ടപ്പെടുന്നവരാണു ഭക്ഷണത്തിനായി അവയെ കൊന്നതെങ്കില്‍ എന്താണാവോ തെറ്റ്? ലോകത്തിന്റെ പല ഭാഗങ്ങളിലും പട്ടിയിറച്ചി പ്രിയപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നവരുണ്ടല്ലോ.  അവര്‍ പട്ടിയെ ഭക്ഷണമാക്കുന്നതില്‍ എന്താണു തെറ്റ്?  കരിങ്കുരങ്ങിനേയോ കാട്ടു കോഴിയേയോ മലമ്പാമ്പിനേയോ ഒക്കെ കൊല്ലുന്നതു പോലെ പട്ടിയെക്കൊല്ലുന്നതു നിയമ വിരുദ്ധമാണോ എന്ന് അന്വേഷിച്ചു വേണം ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കാനെന്നു മാത്രം അല്ലെങ്കില്‍ ചിലപ്പോള്‍ പട്ടിയിറച്ചി തിന്നതു ദഹിക്കും മുന്‍പേ ഗോതമ്പുണ്ടയും കഴിക്കാന്‍ ഭാഗ്യമുണ്ടാകും.

Wednesday, October 24, 2012

ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്

മാരഡോണയുടെ കളി കാണാനായി എത്രയോ നാള്‍ ഞാന്‍ ഉറക്കം കളഞ്ഞിരിന്നിട്ടുണ്ട്.  മാരഡോണയോടന്നുണ്ടായിരുന്ന ആരാധന കൊണ്ടു മാത്രമാണു കണ്ണൂരിലെ സ്വര്‍ണക്കടയുടെ ഉദ്ഘാടനം ലൈവായി കാട്ടുന്ന ചാനലുകള്‍ ശ്രദ്ധിച്ചതും.
ഇതിന്റെ ബിസിനസ് സാധ്യതകള്‍ അറിയാവുന്നതു കൊണ്ടാണല്ലോ സ്വര്‍ണക്കടക്കാര്‍ മാരഡോണയെ ഉദാഘാടനത്തിനു കൊണ്ടു വരുന്നതും ചാനലുകള്‍ വാര്‍ത്തയെന്ന പോലെ തന്നെ അതിന്റെ പരസ്യം ലൈവായി കാണിക്കുന്നതും.
ഇവിടെയെല്ലാം പ്രൊഫഷണലിസം കാട്ടുന്ന മാര്‍ക്കറ്റിങ് വിദഗ്ദ്ധര്‍ ഇതു റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്കു പരിശീലനം കൊടുക്കാന്‍ മാത്രം മറക്കുന്നതെന്താണ്?
ലൈവ് പരസ്യത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ ഏറ്റവും പുതിയ വിവരങ്ങളില്‍ ഏതാനും ചിലത്:  ...ഹോട്ടലില്‍ നിന്നു മാരഡോണ ഉടന്‍ പുറത്തിറങ്ങുമെന്നാണ് നമുക്ക് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം......അതാ മാരഡോണ എത്തിക്കഴിഞ്ഞു. അദ്ദേഹം കസേരയില്‍ ഇരിക്കാന്‍ പോകുകയാണ്.....
ഹോ എന്തൊരു ബ്രേക്കിങ് ന്യൂസ്.
മാരഡോണ അടിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം തെറ്റി ഗോള്‍ പോസ്റിനും പത്തടി മുകളിലൂടെ പോയാല്‍ പോലും ഇത്ര വലിയ സംഭവമായി കമന്ററി കൊടുക്കില്ലായിരുന്നു.

Tuesday, October 23, 2012

ശതാവരിച്ചെടിയുടെ ജാതി

ആസ്പറാഗസ് എന്നാല്‍ ശതാവരി, അങ്ങനെ തന്നെയല്ലേ എന്ന സംശയം തീര്‍ക്കാനിന്നു രാവിലെ രണ്ടു ഡിക്ഷ്നറികള്‍ പരിശോധിച്ചു. എന്‍.ബി.എസ്. പുറത്തിറക്കിയ സി. മാധവന്‍ പിള്ളയുടെ ഡിക്ഷ്നറിയും ഡി.സി. പുറത്തിറക്കിയ ടി. രാമലിംഗം പിള്ളയുടെ ഡിക്ഷ്നറിയും പറയുന്നു, അതു ശതാവരിച്ചെടി തന്നെയെന്ന്. കേരളത്തിലെ ഏതോ ഒരു സ്ക്കൂളിലെ അധ്യാപികമാരുടെ കോട്ടിന്റെ നിറവുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണീ സംശയം.  അധ്യാപികമാരുടെ കോട്ടിനായി നിശ്ചയിച്ച നിറം പച്ചയല്ലെന്നും ആസ്പറാഗ് ആണെന്നും മാനേജുമെന്റ് പറഞ്ഞതായും വാര്‍ത്തയില്‍ കണ്ടു.  ഈ ആസ്പരാഗ് നിറവും പച്ച നിറവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണല്ലോ. (ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ആസ്പറാഗസ് കല്ലിന്റെ നിറത്തില്‍ നിന്നാണല്ലോ ആസ്പറാഗ് നിറം വന്നത്. അതു കണ്ടാല്‍  മഞ്ഞയേക്കാള്‍ പച്ചയ്ക്കാണു കൂടുതല്‍ പ്രാധാന്യം തോന്നുക)
സ്ക്കൂള്‍ മാനേജുമെന്റിന്റെ വിശദീകരണം കേട്ടാല്‍ പച്ച നിറത്തിലുള്ള കോട്ടു ധരിക്കാന്‍ അധ്യാപികമാരോടു നിര്‍ദ്ദേശിച്ചാല്‍ തിരുത്താനാവാത്ത തെറ്റാണെന്നും അതിനു പകരം ആസ്പറാഗ് എന്ന കേട്ടാല്‍ എന്തു നിറമെന്ന് ആര്‍ക്കും മനസ്സിലാകാത്തതും കണ്ടാല്‍ വിവരദോഷികള്‍ക്കു പച്ചയെന്നു തോന്നുകയും ചെയ്യുന്ന നിറത്തിലുള്ള കോട്ടു ധരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതു ന്യായവും എന്നല്ലേ തോന്നുക?
ഇവിടെ നിറത്തിനല്ല, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമാണു പ്രാധാന്യം കൊടുക്കേണ്ടതെന്നു കുറഞ്ഞതു സ്ക്കൂള്‍ മാനേജുമെന്റെങ്കിലും മറക്കുന്നു.  കെ.ഇ.ആര്‍. എന്ന കേരള വിദ്യാഭ്യാസ ചട്ടങ്ങളോ ബാധകമായ മറ്റു നിയമങ്ങളോ ചട്ടങ്ങളോ അധ്യാപികമാരുടെ (ഇപ്പോള്‍ എണ്ണത്തില്‍ കുറവാണെങ്കിലും പുരുഷ പ്രജകളായ അധ്യാപകരുടേയും) വസ്ത്രധാരണ രീതിയെക്കുറിച്ച് എന്താണു പറയുന്നതെന്നാണു നോക്കേണ്ടത്.  അടുത്ത കാലം വരെ അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതു നിയമ വിരുദ്ധമാണെന്ന (ഒപ്പം സദാചാര വിരുദ്ധവും ആണെന്ന) തെറ്റിദ്ധാരണ കേരള സമൂഹത്തിനുണ്ടായിരുന്നല്ലോ.  അധ്യാപികമാര്‍ക്കു ചുരദാര്‍ ധരിച്ചും പഠിപ്പിക്കാമെന്നൊരു സര്‍ക്കാര്‍ ഉത്തരവു വന്നതോടെയാണതു മാറിയത്. അതിന്റെ ബലത്തില്‍ ചുരിദാറും സാരിയുമെല്ലാം മാറി മാറി ധരിച്ച് അധ്യാപികമാര്‍ സ്ക്കൂളുകളിലെത്തുന്നുണ്ട്. ആ യുക്തിയനുസരിച്ചു ചിന്തിച്ചാല്‍ വനിതാ പോലീസുകാരെപ്പോലെയോ  ഓട്ടോ ഡ്രൈവര്‍മാരെപ്പോലെയോ നഴ്സുമാരെപ്പോലെയോ അധ്യാപകര്‍ക്കു യൂണിഫോം ബാധകമല്ല. (അധ്യാപകര്‍ക്ക് വാഷിങ് അലവന്‍സു ലഭിക്കുന്നുമില്ലല്ലോ)
അധ്യാപകര്‍ക്കു യൂണിഫോം ബാധമകല്ലെന്നു ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചെന്നേയുള്ളു. നിയമങ്ങളുടേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തില്‍ അവര്‍ക്കു യൂണിഫോം ബാധകമാണോ എന്നു പരിശോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധ്യതയുണ്ട്.  അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വേണം.
ഇനി അധ്യാപകര്‍ക്ക് യൂണിഫോം ബാധകമാണെന്നു കരുതുക.  അങ്ങനെയെങ്കില്‍ അതു പച്ചയായാ ല്‍ എന്താണു കുഴപ്പം?  പട്ടാളക്കാര്‍ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനെ ആരും എതിര്‍ക്കാറില്ലല്ലോ? മിലിട്ടറി പച്ച എന്നു കേട്ടിട്ടില്ലേ? അതു വെറും പച്ചയല്ലെന്നും ആസ്പറാഗോ അതു പോലെ മനുഷ്യനു മനസ്സിലാകാത്ത മറ്റെന്തോ പേരുള്ള നിറമാണെന്നും പറഞ്ഞു കൊണ്ട് ആരെങ്കിലും വന്നതായി ഇതുവരെ കേട്ടിട്ടില്ല.  പറഞ്ഞു പറഞ്ഞ്  റെയില്‍വേ സ്റേഷനില്‍ വീശുന്ന കൊടി പച്ചയല്ല, ആസ്പറാഗസ് ആണെന്നു പറയുമോ ഇവരെല്ലാം?
അധ്യാപികമാരുടെ കോട്ടിന്റെ പച്ച നിറത്തിനു പിന്നാലെ പായുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നാം മറക്കുന്ന മറ്റു ചില വസ്തുതകളുണ്ട്.  പച്ചയല്ല, ആസ്പറാഗസാണു കോട്ടിന്റെ നിറമെന്നു മാനേജുമെന്റ് പറയുമ്പോള്‍ എന്താണു നാം മനസ്സിലാക്കുന്നത്? ആ മാനേജുമെന്റ് നിയമിച്ച അധ്യാപകരില്‍ ചിലര്‍ക്കെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിവില്ലെന്നല്ലേ? അല്ലെങ്കില്‍ മാനേജുമെന്റിനു തെറ്റി എന്നു കരുതേണ്ടി വരും.  അതിലും പ്രധാനപ്പെട്ട ചോദ്യം, അധ്യാപകര്‍ക്കെന്തിനാണ് സാരിയുടെ മുകളില്‍ ഒരു കോട്ടെന്നതാണ്.  സാരിയുടുത്ത അധ്യാപകരെ  ഇഷ്ടപ്പെടാത്ത ചില വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതിനെത്തുടര്‍ന്നാണു കോട്ടു വേണമെന്ന തീരുമാനമുണ്ടായതെന്നും വാര്‍ത്തയില്‍ കാണുന്നു.  ആ സ്ക്കൂളിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നിലവാരത്തെക്കുറിച്ചറിയാന്‍ ഇതിലേറെ എന്തെങ്കിലും വേണോ?  ഇനി കുട്ടികള്‍ക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ തന്നെ അതു തിരുത്തിക്കൊടുക്കേണ്ടത് അധ്യാപകരും സ്ക്കൂള്‍ അധികൃതരുമല്ലേ? അല്ലാതെ എന്തോ കമന്റുകളുടെ പേരില്‍ സ്ക്കൂളിലെ പതിവു രീതികളെല്ലാം മാറ്റിക്കളയുകയാണോ വേണ്ടത്?  ഏതെങ്കിലും അധ്യാപികയുടെ വിരല്‍ത്തുമ്പിനെക്കുറിച്ചാണീ വിദ്യാര്‍ത്ഥികള്‍ കമന്റടിച്ചതെങ്കില്‍ ഇവര്‍ എന്തു ചെയ്തേനേ?
കേവലം കമന്റടിയില്‍ വീണു തകര്‍ന്നു പോകാന്‍ മാത്രം ദുര്‍ബലരല്ല സ്ത്രീകളെന്നു അധ്യാപകരേയും മാനേജുമെന്റിനേയും ആദ്യം പഠിപ്പിക്കണം. അധ്യാപകരെ എന്നല്ല, ആരേയും കമന്റടിക്കുന്നതു ശരിയല്ലെന്നു വിദ്യാര്‍ത്ഥികളേയും പഠിപ്പിക്കണം. വിദ്യാര്‍ത്ഥികളെ മാന്യമായി വളര്‍ത്തുകയെന്നത് അധ്യാപകരുടേയും മാനേജുമെന്റിന്റേയും ചുമതല കൂടിയാണെന്നും അവരറിയണം. അല്ലാതെ ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ പഠിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതല്ല അധ്യാപകരുടെ ജോലി.  ഇതോടൊപ്പം ഏതു വസ്ത്രവും വളരെ മാന്യമായും ഏറ്റവും വൃത്തികെട്ട രീതിയിലും ധരിക്കാമെന്നു മാനേജുമെന്റിനേയും പഠിപ്പിക്കണം.
ഇതിനിടയിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്റെ മനസ്സിലുണ്ട്, എന്താണീ ശതാവരിച്ചെടിയുടെ ജാതി?  അതിനു പച്ചയോടാണോ മഞ്ഞയോടാണോ കൂടുതല്‍ അടുപ്പം?